കൊച്ചി: ദേശ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാത്തതെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മീഡിയ വണ്‍ ചാനല്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ‘കേന്ദ്ര സര്‍ക്കാര്‍ രഹസ്യകവറില്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചു. ദേശ സുരക്ഷക്ക് ഭീഷണിയുണ്ടായതായി ബോധ്യപ്പെട്ടു.’ ഡിവിഷന്‍ ബെഞ്ച് പ്രസ്താവിച്ചു.ഹൈക്കോടതി സിംഗില്‍ ബെഞ്ച് വിധിക്കെതിരെ മീഡിയ വണ്‍ ചീഫ് എഡിറ്റര്‍ പ്രമോദ് രാമന്‍, ചാനല്‍ ഉടമ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.സുരക്ഷാ കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനുവരി 31 നാണ് മന്ത്രാലയം ചാനല്‍ സംപ്രേഷണം വിലക്കികൊണ്ട് ഉത്തരവിറക്കിയത്. നടപടിക്കെതിരെ മീഡിയവണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി തള്ളിയതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ വിധി വന്നത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി ഹാജരായി.ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മീഡിയവണ്‍ അറിയിച്ചു.