ജന ദ്രോഹകരമായ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുക, ജനങ്ങളുടെ ആശങ്ക അകറ്റുക,കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നയിക്കുന്ന ”ഭരണകൂട കയ്യേറ്റത്തിനെതിരെ ജനകീയ പ്രക്ഷോഭ യാത്ര” മേയ് 12,13 തീയ്യതികളിൽ നടക്കും. ജാഥ മെയ് 12ന് കാലത്ത് 9 മണിക്ക് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പ്രമുഖ പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് കുഞ്ഞിമംഗലം, പഴയങ്ങാടി, ചെറുകുന്ന് തറ,ഇരിണാവ് ടൌൺ, പാപ്പിനിശ്ശേരി പഞ്ചായത്ത്,വളപട്ടണം ആപ്പാൻതോട്,തളാപ്പ് പള്ളി എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം ആദ്യ ദിനം ജാഥ കണ്ണൂർ കാൽടെക്സിൽ സമാപിക്കും.സമാപന സമ്മേളനം കെ പി സി സി പ്രസിഡണ്ട് കെ.സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമൂഹിക പ്രവർത്തകൻ കെ സി ഉമേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും.മെയ് 13 ന് കാലത്ത് 9 മണിക്ക് കണ്ണൂക്കരയിൽ നിന്നും ആരംഭിക്കുന്ന ജാഥയുടെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ അഡ്വ.ടി ഒ മോഹനൻ നിർവ്വഹിക്കും.തുടർന്ന് താഴെചൊവ്വ ,ചാല പടിഞ്ഞാറേക്കര,എടക്കാട് ബസാർ, മുഴപ്പിലങ്ങാട് കുളം ബസാർ, ധർമ്മടം ഗേറ്റ്, പുന്നോൽ ഗേറ്റ്,മാഹിപാലം, എന്നീ കേന്ദ്രങ്ങൾക്ക് ശേഷം 5 മണിക്ക് തലശ്ശേരി പഴയ ബസ് സ്റ്റാന്റിൽ സമാപിക്കും.സമാപന സമ്മേളനം മുൻ കെ പി സി സി പ്രസിഡണ്ട് കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. ജാഥയിൽ വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന -ജില്ലാ നേതാക്കന്മാർ സംബന്ധിക്കും.