കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൂടുതൽ ക്ഷേമപ്രവർത്തനങ്ങളും സേവനങ്ങളും ഉറപ്പുവരുത്തുന്നതിന് കണ്ണൂരിൽ കേന്ദ്രം ഒരുങ്ങുന്നു. കണ്ണൂര്‍ താവക്കര സർവകലാശാല റോഡിന് സമീപമുള്ള കെട്ടിടത്തിലാണ് ഫെസിലിറ്റേഷന്‍ ഓഫിസ് സജ്ജമാക്കിയത്.ഈമാസംതന്നെ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കാനാണ് നീക്കം. അന്തർസംസ്ഥാന തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ചൂഷണം, നിയമപരമായ പ്രശ്നങ്ങള്‍, അവകാശങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം.ജില്ല ലേബര്‍ ഓഫിസിന്റെ കീഴിലായിരിക്കും പ്രവർത്തനം. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ഇവിടെനിന്ന് തൊഴിലാളികൾക്ക് ഉദ്യോഗസ്ഥന്റെ സേവനം ലഭിക്കും.
ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന ‘ആവാസ്’ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി രജിസ്ട്രേഷന് സൗകര്യവും കേന്ദ്രത്തിൽനിന്ന് ലഭിക്കും. കോവിഡ് സമയത്ത് രജിസ്ട്രേഷന് നിര്‍ത്തിയിരുന്നു. ഇതു വീണ്ടും പുനരാരംഭിച്ചു. തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നടത്തിയും കരാറുകാര്‍ മുഖേന ഇവരെ ലേബര്‍ ഓഫിസില്‍ എത്തിച്ചുമാണ് രജിസ്ട്രേഷന് നടത്തുന്നത്. ഫെസിലിറ്റേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നതോടെ ഇവിടെയെത്തി തൊഴിലാളികൾക്ക് ഇന്‍ഷുറന്‍സ് എടുക്കാം. ആവാസ് കാര്‍ഡുള്ളവര്‍ക്ക് അപകടമരണം സംഭവിച്ചാല്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപയും ചികിത്സക്ക് 25,000 രൂപയും ലഭിക്കും.പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ജില്ല ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, കൂത്തുപറമ്പ് താലൂക്കാശുപത്രി, പേരാവൂര്‍ താലൂക്കാശുപത്രി എന്നിവയാണ് ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ലഭ്യമാകുന്ന ആശുപത്രികള്‍. ജില്ല ലേബര്‍ ഓഫിസിന് കീഴിലാണ് പ്രവർത്തനം.