ഭര്‍തൃവീട്ടില്‍ നിന്നും തന്നെയും മകനെയും ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. കൊല്ലം കൊട്ടിയത്ത് തഴുത്തല സ്വദേശിനിയെയും അഞ്ചുവയസുകാരനായ മകനെയും ഇറക്കിവിട്ട സംഭവത്തില്‍ പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. പുറത്താക്കിയതോടെ വീടിന്റെ സിറ്റൗട്ടിലായിരുന്നു അതുല്യയും കുട്ടിയും രാത്രി കഴിച്ചുകൂട്ടിയത്.
ഭര്‍തൃവീട്ടുകാര്‍ തന്റെ സ്വര്‍ണം അപഹരിച്ചെന്നും സ്ത്രീധനത്തിന്റെ പേരില്‍ തുടരുന്ന പീഡനത്തിന്റെ തുടര്‍ച്ചയാണിതെന്നും അതുല്യ പ്രതികരിച്ചു. ഇന്നലെ വൈകിട്ട് സ്‌കൂളില്‍ നിന്ന് വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോഴാണ് ഭര്‍തൃവീട്ടുകാര്‍ ഗേറ്റ് പൂട്ടിയത്.
വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നും വനിതാ സെല്ലിലും ശിശുക്ഷേമ സമിതിയിലും അറിയിച്ചെങ്കിലും യാതൊരു നീതിയും കിട്ടിയില്ലെന്നും യുവതി ആരോപിച്ചു.
‘രാത്രി 11 വരെ മകനുമൊത്തെ വീടിന്റെ ഗേറ്റിന്റെ മുന്നിലിരുന്നു. അതുകഴിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ മതില്‍ വഴി അകത്തുകടന്ന് സിറ്റൗട്ടില്‍ ഇരുന്നു. ലൈറ്റിട്ടപ്പോള്‍ ഭര്‍ത്താവിന്റെ അമ്മമെയിന്‍ സ്വിച്ച് ഓഫ് ചെയ്തു. വിവാഹം കഴിഞ്ഞ് വന്നതുമുതല്‍ സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ വേണം എന്നെല്ലാം പറഞ്ഞ് പീഡനമായിരുന്നു.
എന്റെ സ്വര്‍ണവും പണവും ഉപയോഗിച്ചാണ് വീട് വെച്ചത്. അത് തരാനുള്ള മടിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തോന്നുന്നു’, അതുല്യ പ്രതികരിച്ചു.
അതുല്യയുടെ ഭര്‍തൃമാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളതിനാലാണ് വിഷയത്തില്‍ ഇടപെടാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതുല്യ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ഭര്‍തൃമാതാവും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയും സംരക്ഷണം നേടുകയുമായിരുന്നു. യുവതിക്ക് മറ്റൊരു വീട് ഉണ്ടെന്ന് ഭര്‍ത്തൃ വീട്ടുകാര്‍ പ്രതികരിച്ചു.