അട്ടപ്പാടി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കുടുംബം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചു.കുടുംബത്തിന് ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാൻ രാഷ്ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നതായും മധുവിന്റെ സഹോദരി സരസു ആരോപിച്ചു.മധുവിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷികൾക്ക് പണം വാഗ്ദാനം നൽകി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് മധുവിന്റെ സഹോദരി പറയുന്നത്. കൂറുമാറിയാൽ രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് ചിലർ പ്രധാന സാക്ഷിയെ സമീപിച്ചിരുന്നെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ സാക്ഷി അതിന് തയ്യാറായില്ല. ‘ഒരിക്കൽ മുഖംമൂടി ധരിച്ച രണ്ടു പേർ വീട്ടിലെത്തി’.കേസിൽ നിന്നും പിന്മാറാണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും സരസു പറഞ്ഞു. കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഉള്ളതായി സംശയമുണ്ട്. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ഹൈക്കോടതിയെ സമീപിക്കാൻ തന്നെയാണ് തീരുമാനം. അതേസമയം പബ്ലിക് പ്രോസിക്യൂട്ടറെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ആക്ഷൻ കൗണ്‍സിലുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കുടുംബം വ്യക്തമാക്കി.