കേരള എൻസിസിയുടെ ചരിത്രത്തിൽ ആദ്യമായി, പ്രധാനമന്ത്രി നേരിട്ട് നൽകുന്ന ആറ് ബാറ്റണുകളിൽ മൂന്നെണ്ണം കേരള കേഡറ്റുകൾ ഏറ്റുവാങ്ങി. കേരളത്തെയാകെ അഭിമാനപൂരിതമാക്കുന്ന നേട്ടമാണിതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.റിപ്പബ്ലിക്ക് ദിനപരേഡിന്റെ ഭാഗമായ മത്സരങ്ങളിലാണ് കേരള-ലക്ഷദ്വീപ് എൻ സി സി പ്രതിനിധിസംഘത്തിലെ കേഡറ്റുകൾ ദേശീയതലത്തിലെ ഏറ്റവും മികച്ച കേഡറ്റുകൾക്കുള്ള മൂന്ന് സ്വർണ്ണ പതക്കം കരഗതമാക്കി ചരിത്രപദവിയ്ക്ക് അർഹരായിരുന്നത്. പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജിലെ (ഒറ്റപ്പാലം 28 കെ ബറ്റാലിയൻ) മാധവ് എസ് (സീനിയർ ഡിവിഷൻ ആർമി വിഭാഗം ബെസ്റ്റ് കേഡറ്റ്), തേവര സേക്രഡ് ഹാർട്ട് കോളേജിലെ (എറണാകുളം 7കെ നേവൽ യൂണിറ്റ്) കുരുവിള കെ അഞ്ചേരിൽ (സീനിയർ ഡിവിഷൻ നേവി വിഭാഗം ബെസ്റ്റ് കേഡറ്റ്), എറണാകുളം സെന്റ് തെരേസാസ് കോളേജിലെ (21 കെ ബറ്റാലിയൻ ) കീർത്തി യാദവ് (സീനിയർ വിംഗ് ആർമി വിഭാഗം ബെസ്റ്റ് കേഡറ്റ്) എന്നീ പുരസ്‌കാരജേതാക്കൾ ഡൽഹിയിൽ കരിയപ്പ സ്‌റ്റേഡിയത്തിൽനടന്ന ചടങ്ങിൽ പ്രധാനമന്ത്രിയിൽനിന്നും ബാറ്റണുകൾക്കൊപ്പം സുവർണ്ണപ്പതക്കങ്ങളും സ്വീകരിച്ചു.
ഈ മൂന്നുപേരടക്കം, ബെസ്റ്റ് കേഡറ്റ് മത്സരങ്ങളിൽ പങ്കെടുത്ത ആറു പേരും മെഡലുകൾ നേടിയതാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിലെ കേരളത്തിന്റെ പൊലിമയായിരുന്നത്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ (എറണാകുളം 7കെ നേവൽ യൂണിറ്റ്) മീനാക്ഷി എ നായർ (സീനിയർ വിംഗ് നേവി വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള വെള്ളി മെഡൽ), എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ (1കെ എയർ സ്ക്വാഡ്രൺ) അർജുൻ വേണുഗോപാൽ (സീനിയർ ഡിവിഷൻ എയർ വിഭാഗത്തിൽ വെങ്കലം),
എം ജി കോളേജിലെ എം അക്ഷിത (സീനിയർ വിംഗ് എയർ വിഭാഗത്തിൽ വെങ്കലം) എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റു കേഡറ്റുകൾ.കേഡറ്റുകളെയും, അവരെ ഉന്നതിയിലെത്തിക്കാൻ കഠിനപ്രയത്നം ചെയ്‌ത കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിനെയും മന്ത്രി അഭിനന്ദനമറിയിച്ചു.