തിരുവനന്തപുരം > എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള സംവിധാനവുമായി കേരള പൊലീസ്. കേരള പൊലീസ് വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് മൊബൈൽ ആപ്ലിക്കേഷനായ iCops ൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള ഫേസ് റെകഗ്നിഷൻ സിസ്റ്റം FRS (Face Recognition System) ആരംഭിച്ചു.
iCops ക്രിമിനൽ ഗാലറിയിൽ സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി എഐ ഇമേജി സെർച്ച് സംവിധാനം ഉപയോഗിച്ച് സംശയിക്കുന്ന അല്ലെങ്കിൽ പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണ് പ്രതികളെ തിരിച്ചറിയുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച്പോലും ഫോട്ടോ എടുത്ത് നിമിഷനേരംകൊണ്ട് ഗാലറിയിലെ ചിത്രങ്ങളുമായി ഒത്തുനോക്കാനും ആൾമാറാട്ടം നടത്തി മുങ്ങി നടക്കുന്നവരെ തിരിച്ചറിയാനും ഈ സാങ്കേതികതയിലൂടെ സാധിക്കുമെന്ന് പൊലീസ് പറയുന്നു.
തൃശൂർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളൂർക്കര സെന്റ് ആന്റണീസ് പള്ളിയുടെ ഭണ്ഡാര മോഷണശ്രമത്തിനിടെ പിടികൂടിയ പ്രതിയുടെ ചിത്രം ഇത്തരത്തിൽ പരിശോധിച്ചപ്പോൾ നിരവധി കേസുകളിലെ പ്രതിയായ, വാറന്റുകൾ ഉള്ള വ്യക്തിയാണെന്ന് മനസിലാക്കിയിരുന്നു. കൂടാതെ സ്റ്റേഷൻ പരിധിയിൽ നിന്ന് ലഭിച്ച അഞ്ജാത മൃതശരീരത്തെ തിരിച്ചറിയാനും ഇതിലൂടെ സാധിച്ചിരുന്നതായി പൊലീസ് അറിയിക്കുന്നു. കാണാതാകുന്നവരെ സംബന്ധിച്ച വിവരങ്ങളും ഫോട്ടോയും FRS ഉപയോഗിച്ച് പരിശോധിക്കാൻ സാധിക്കും.