കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി നാളെ പ്രവർത്തനമാരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്സി സർവീസാണിത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം ഇതിനായി സജ്ജമായിട്ടുണ്ട്.മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് കോൾ സെന്റർ പ്രവർത്തിക്കുന്നത്. 9072272208 എന്ന കോൾ സെന്റർ നമ്പറിലേക്ക് വിളിച്ച് പരാതികൾ അറിയിക്കാം.
നാളെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് കേരള സവാരി ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന പാനിക് ബട്ടണും ആപ്പിൽ സജ്ജമാക്കിയിട്ടുണ്ട്.
ആദ്യതലത്തിൽ കോൾ സെന്ററിൽ ലഭിക്കുന്ന പരാതികൾക്ക് 24 മണിക്കൂറിനകം പരിഹാരം കണ്ടെത്തും. പരിഹാരമാവാത്ത പരാതികൾ ഈ സമയ പരിധിക്കുള്ളിൽ തന്നെ രണ്ടാമത്തെ ലെവൽ ഉദ്യോഗസ്ഥന് കൈമാറും. അദ്ദേഹം 12 മണിക്കൂറിനകം പരിഹാരം കാണും. അവിടെയും പരിഹരിക്കാനാവാത്ത പരാതികൾ മൂന്നാമത്തെ ലെവൽ ഉദ്യോഗസ്ഥന് കൈമാറും. എല്ലാ പരാതികളും 48 മണിക്കൂറിനുള്ളിൽ പരിഹരിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.കേരളസവാരി പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് നടപ്പിലാക്കുക. സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
തൊഴിൽവകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായം നൽകുന്നത്. മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മന്ത്രി അഡ്വ. ആന്റണി രാജു കേരള സവാരി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും.പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.