തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ കീഴിലുള്ള സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന് സംസ്ഥാനസർക്കാർ. ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും, മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമിൽ അനുവദിക്കില്ലെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി. ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് കാട്ടി ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിക്ക് മുമ്പാകെ അറിയിച്ചത്. നിരവധി മുസ്ലിം വിദ്യാർത്ഥികൾ എസ്‍പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു. കേരളാ പൊലീസിന്‍റെ ഏറ്റവും പ്രശംസിക്കപ്പെട്ട പദ്ധതിയായിരുന്നു കുട്ടികളെ എൻറോൾ ചെയ്തുള്ള സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി. യുവജനോത്സവങ്ങളിൽ അടക്കം വിദ്യാർത്ഥികളെ നിയന്ത്രിക്കാനും കാര്യങ്ങൾ ഏകോപിപ്പിക്കാനും എസ്‍പിസിയിലെ കുട്ടികൾ കാണിച്ച മിടുക്ക് പ്രശംസനീയമാണ്.
കുറ്റ്യാടി ഹയർ സെക്കന്‍ററി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റുഡന്‍റ് കേഡറ്റ് യൂണിഫോം ധരിച്ച് നിൽക്കുന്ന ഫോട്ടോ വാട്‍സാപ്പിലെ സ്കൂൾ ഗ്രൂപ്പിലേക്ക് അയക്കാൻ കുട്ടിയോട് അധ്യാപകർ നിർദേശിച്ചിരുന്നു. എന്നാൽ യൂണിഫോമിനൊപ്പം ഹിജാബും മുഴുക്കൈനീളമുള്ള ഷർട്ടുമാണ് കുട്ടി ധരിച്ചിരുന്നത്. എന്നാലിത് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് യൂണിഫോമല്ലെന്നും, അനുവദിക്കാനാകില്ലെന്നും, നിഷ്കർഷിച്ച വസ്ത്രം തന്നെ ധരിക്കണമെന്നും കുട്ടിയോട് അധ്യാപകർ ആവശ്യപ്പെട്ടു. എന്നാൽ, ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് തന്‍റെ അടിസ്ഥാനപരമായ അവകാശമാണെന്നും, മതപരമായ വസ്ത്രം താൻ ധരിക്കുന്നത് കൊണ്ട് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ അച്ചടക്കത്തെയോ മറ്റുള്ളവരുടെ അവകാശത്തെയോ താൻ ഹനിക്കുന്നില്ലെന്നും കുട്ടി ഹർജിയിൽ പറയുന്നു.
എന്നാൽ കുട്ടികളിൽ അച്ചടക്കം, നിയമബോധം, പൗരത്വബോധം, എന്നിവ വളർത്താനായി രൂപീകരിച്ച സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ എന്തിനേക്കാൾ പ്രാധാന്യം രാജ്യത്തിനാണെന്നും, ഇത് കേരളാ പൊലീസിന്‍റെ ഒരു ഉപവിഭാഗമായിത്തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു. കേരളാ പൊലീസിൽ മതഭേദമന്യേ എല്ലാ ഉദ്യോഗസ്ഥരും ഒരേ യൂണിഫോമാണ് ധരിക്കുന്നത്. അവിടെ മതപരമായ ഒരു ചിഹ്നങ്ങളും അനുവദനീയമല്ല. അതേ സംവിധാനം തന്നെയാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റും പിന്തുടരുന്നത്. എൻസിസി, സ്കൗട്ട് കേഡറ്റ് സംവിധാനത്തിലും സമാനമായ രീതിയിൽ ഒരേ യൂണിഫോമാണുള്ളത്. മതപരമായ ചിഹ്നങ്ങൾ അനുവദിക്കാറില്ല. കാക്കി പാന്‍റ്, കാക്കി ഷർട്ട്, കറുത്ത ഷൂ, കാക്കി സോക്സ്, നീല നിറത്തിലുള്ള ബെറെറ്റ് തൊപ്പി എന്നിങ്ങനെയാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ നിലവിലെ യൂണിഫോം. മാത്രമല്ല, പദ്ധതി നടപ്പാക്കിത്തുടങ്ങിയത് മുതൽ ജൻഡർ ന്യൂട്രൽ യൂണിഫോമുകളാണ് എസ്പിസിയിലുള്ളത്. അവിടെ ഇത് വരെ മതപരമായ ചിഹ്നങ്ങൾ അനുവദിച്ചിട്ടില്ല. നിലവിൽ എസ്പിസിയിൽ ട്രെയിനിംഗ് പൂർത്തിയാക്കിയതൽ 50 ശതമാനം പേരും പെൺകുട്ടികളാണ്. ഇതിൽ മതം വേർതിരിച്ച് എത്ര പെൺകുട്ടികളുണ്ട് എന്ന് ആഭ്യന്തരവകുപ്പ് കണക്കാക്കിയിട്ടില്ല. എങ്കിലും ഏതാണ്ട് 12 ശതമാനമെങ്കിലും പെൺകുട്ടികൾ മുസ്ലിം സമുദായത്തിൽ നിന്നായിരുന്നു എന്നാണ് കണക്കുകൂട്ടൽ. ഇതുവരെ അതിലൊരാൾ പോലും മതപരമായ ചിഹ്നങ്ങൾ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടില്ല – ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.
മുസ്ലിം സമുദായത്തിൽ നിന്ന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിൽ അംഗത്വമെടുക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് അതിനുള്ള അവസരമില്ലാതെ വരികയാണെന്ന് പെൺകുട്ടി ഹർജിയിൽ വാദിച്ചിരുന്നു. എന്നാൽ എസ്പിസി എന്നത് ഒരു നിർബന്ധിതസേവനം അല്ലെന്നും തീർത്തും വൊളന്‍ററിയായി മാത്രം കുട്ടികൾക്ക് സ്വീകരിക്കാവുന്ന സർവീസാണെന്നും ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ 19 (2) വകുപ്പ് പ്രകാരം കൃത്യമായ ചട്ടങ്ങൾ പാലിച്ചുകൊണ്ട് തന്നെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു. കുട്ടികൾക്കിടയിൽ മത, ജാതി, വംശ, ലിംഗ ഭേദമന്യേ ഒരുമയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്. അതുകൊണ്ട് തന്നെ ഹർജിക്കാരിയുടെ ഈ ആവശ്യം അനുവദിക്കാനാകില്ലെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു.