//
16 മിനിറ്റ് വായിച്ചു

രോഗിയുടെ ബന്ധുവിനോട് തട്ടിക്കയറി പിജി ഡോക്ടര്‍; തിരു. മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ നീക്കി

തിരുവനന്തപുരം മെഡിക്കൽ കോളേജ്  ആശുപത്രി  ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷിനെ ചുമതലയിൽ നിന്ന് നീക്കി ആരോഗ്യവകുപ്പ്.  ഡോ. സന്തോഷിന് കീഴിലുള്ള ഓർത്തോ വിഭാഗം പി.ജി ഡോക്ടർ രോഗിയുടെ ബന്ധുവിനോട് കയർത്തു സംസാരിച്ചത് വിവാദമായതിന് പിന്നാലെയാണ് നടപടി.  ആദ്യഘട്ടത്തിൽ സർക്കാരിന്റെ പ്രധാന കൊവിഡ് ദൗത്യങ്ങളുടെ തലവനായിരുന്നു ഡോ. സന്തോഷിൻറെ മാറ്റത്തിന് പിന്നിൽ ആരോഗ്യവകുപ്പിലെ ശീതസമരവും ഉണ്ടെന്നാണ് സൂചന .ഇന്നലെ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഇ മെയിലാണ് അടിയന്തര നടപടിയിലേക്ക് നയിച്ച നടപടിക്രമം. അത്യാഹിതവിഭാഗം ചുമതലയുള്ള ഡെപ്യൂട്ടി സൂപ്രണ്ട് എന്ന സുപ്രധാന പദവിയിൽ നിന്ന്   അടിയന്തരമായി  നീക്കുമ്പോൾ കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ല.  ചുമതലകളിൽ വീഴ്ച്ച വരുത്തിയെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.  അതേസമയം, കഴിഞ്ഞ ദിവസം ഓർത്തോ വിഭാഗം പി.ജി ഡോക്ടർ രോഗിയുടെ ബന്ധുവിനോട് കയർത്ത് സംസാരിച്ച സംഭവമാണ് പെട്ടെന്നുള്ള കാരണമായി സംശയിക്കപ്പെടുന്നത്.

എക്സ്റേയ്ക്ക് എഴുതിയ കുറിപ്പില്‍ ലാബില്‍ നിന്ന് സംശയം പ്രകടിപ്പിച്ചതോടെയാണ് രോഗിയുടെ ബന്ധു പിജി ഡോക്ടറെ സമീപിച്ചത്. എന്നാല്‍ തന്നെ പഠിപ്പിക്കേണ്ടെന്നും പറഞ്ഞതുപോലെ എക്‌സ്‌റേ എടുത്താല്‍ മതിയെന്നുമായിരുന്നു പിജി ഡോക്ടറുടെ പ്രതികരണം. ഇതിന് പിന്നാലെ രോഗിയുടെ ബന്ധുവും ഡോക്ടറും തമ്മില്‍ വാക്കേറ്റമായി. അതിരുവിട്ട് വാക്കുകള്‍ പ്രയോഗിക്കുന്ന പിജി ഡോക്ടറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. വിഡിയോ വിവാദമായതോടെ മോശമായി പെരുമാറിയ ഡോ. അനന്തകൃഷ്ണനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇത് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത് ഡോ. സന്തോഷാണ്.  റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് അത്യാഹിത വിഭാഗം ചുമതലയിൽ നിന്ന് ഡോ. സന്തോഷിനെ തന്നെ നീക്കിയത്.  ഇത് മാത്രമല്ല പെട്ടെന്നുള്ള നടപടിക്ക് കാരണമെന്നും സൂചനയുണ്ട്.  ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മെഡിക്കൽ കോളേജിൽ നടത്തിയ മിന്നൽ സന്ദർശന സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കാട്ടി ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.   കൊവിഡ് ആദ്യതരംഗകാലത്ത് സുപ്രധാന ചുമതലകളിലിരുന്ന ഡോ.സന്തോഷാണ് കൊവിഡ് ബ്രിഗേഡ് രൂപീകരണം, പരിശീലനം എന്നിവയിൽ പ്രധാന പങ്കും  മുംബൈ, കാസർഗോഡ് മെഡിക്കൽ സംഘത്തിന്റെ നേതൃത്വവും  എന്നിവ വഹിച്ചത്.   ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെകെ ഷൈലജ ആരോഗ്യമന്ത്രിയായിരിക്കെ സുപ്രധാന പദവികളിലിരുന്നവരും  പുതിയ മന്ത്രി വന്ന ശേഷമുള്ള വകുപ്പിലെ നേതൃത്വവും തമ്മിലുള്ള ശീതസമരവും നടപടികളിലേക്ക് നയിച്ചെന്നാണ് വിവരം. സാമൂഹ്യ സുരക്ഷാ മിഷൻ തലപ്പത്ത് നിന്നും ഡോ. അഷീലിനെ പയ്യന്നൂർ താലൂക്കാശുപത്രി കാഷ്വാലിറ്റിയിലേക്ക് സ്ഥലം മാറ്റിയതും ചർച്ചയായിരുന്നു. നടപടിയെക്കുറിച്ച് ഡോ. സന്തോഷ് പ്രതികരിച്ചിട്ടില്ല.

add

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version