//
8 മിനിറ്റ് വായിച്ചു

കേന്ദ്രം വെട്ടിയ പാഠം 
കേരളം പഠിപ്പിക്കും; പുസ്‌തകം സെപ്‌തംബറിൽ വിദ്യാർഥികൾക്ക്‌ ലഭ്യമാക്കും

തിരുവനന്തപുരം
കേന്ദ്ര സർക്കാരും എൻസിഇആർടിയും ചേർന്ന്‌ വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച്‌ അനുബന്ധ പാഠപുസ്‌തകം സെപ്‌തംബറിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ ലഭ്യമാക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളിലാണ്‌ അധിക പുസ്‌തകം തയ്യാറാക്കുന്നത്‌. സ്വാതന്ത്ര്യസമരം, മുഗൾചരിത്രം, ഗാന്ധിവധം തുടങ്ങി രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട നിരവധി പാഠഭാഗങ്ങളാണ്‌ എൻസിഇആർടി പാഠപുസ്‌തകങ്ങളിൽനിന്ന്‌ വെട്ടിമാറ്റിയത്‌.

കേരളത്തിൽ ഹയർ സെക്കൻഡറി പഠനത്തിന്‌ ആശ്രയിക്കുന്നത്‌ എൻസിഇആർടി പുസ്‌തകങ്ങളെയാണ്‌. അവരുടെ ഡിജിറ്റൽ പുസ്‌തകങ്ങൾ ഇവിടെ അച്ചടിക്കുകമാത്രമാണ്‌ ചെയ്യുന്നത്‌. ഇത്‌ സംബന്ധിച്ച കരാർ നിലവിൽ സർക്കാരും എസ്‌സിഇആർടിയും തമ്മിലുണ്ട്‌. അവർ വെട്ടിമാറ്റിത്തരുന്ന പാഠഭാഗംമാത്രം പഠിപ്പിക്കാൻ കേരളത്തിന്‌ ഉത്തരവാദിത്തമില്ല. രാജ്യത്തിന്റെ മതനിരപേക്ഷത, ഫെഡറൽ സംവിധാനം, സ്വാതന്ത്ര്യസമര ചരിത്രം, സ്വാതന്ത്ര്യ പൂർവ ഇന്ത്യാ ചരിത്രം തുടങ്ങിയവ വസ്‌തുതാപരമായി കുട്ടികളെ കേരളത്തിൽ പഠിപ്പിക്കും. ഇതിനായാണ്‌  പ്രത്യേക  പുസ്‌തകം തയ്യാറാക്കിയത്‌.

ഇത്‌ സെപ്‌തംബറിൽ വിദ്യാർഥികളുടെ കൈകളിലെത്തിക്കാനുള്ള തീവ്രയജ്‌ഞത്തിലാണ്‌ പൊതുവിദ്യാഭ്യാസവകുപ്പ്‌. 2024–-25 അധ്യയന വർഷത്തിൽ 1, 3, 5, 7, 9 ക്ലാസുകളിൽ പുതിയ പാഠപുസ്‌തകങ്ങളായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version