കണ്ണൂർ: സിനിമയുടെ ലോകത്ത് വ്യവസ്ഥിതികളാൽ തിരസ്കൃതനായ സംവിധായകനാണ് കെ.ജി. ജോർജെന്ന് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ. കണ്ണൂർ പ്രസ് ക്ലബ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കെ.ജി. ജോർജ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മൂലധന ശക്തികളുടെ ഒരു പരിഗണനയും ലഭിക്കാത്ത ആളാണെങ്കിലും ജോർജിൻ്റെ സിനിമകൾ ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമാണ്. കാലത്തിന് മുമ്പേ സഞ്ചരിച്ച ചലച്ചിത്രകാരനാണ് അദ്ദേഹം. പഞ്ചവടിപ്പാലം പോലുള്ള അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ഇതിന് തെളിവാണ്. അഭിനേതാക്കളുടെ ശരിയായ കഴിവുകൾ പുറത്തെടുപ്പിക്കാൻ ജോർജിന് കഴിഞ്ഞിരുന്നു. തൻ്റെ കഥയിൽ ചെയ്യാൻ ഉദ്ദേശിച്ച കാമമോഹിതം എന്ന സിനിമ അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച സിനിമയാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആ സിനിമ യാഥാർത്ഥ്യമാകാത്തതിൽ അവസാനകാലം വരെ അദ്ദേഹത്തിന് ദുഃഖമുണ്ടായിരുന്നു എന്ന് സി.വി. ബാലകൃഷ്ണൻ ഓർമ്മിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി കെ. വിജേഷ് അധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി സെക്രട്ടറി യു.പി. സന്തോഷ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി വി. രഞ്ജിത് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന്, സി.വി. ബാലകൃഷ്ണൻ്റെ രചനയിൽ കെ.ജി. ജോർജ് സംവിധാനം ചെയ്ത മറ്റൊരാൾ എന്ന സിനിമ പ്രദർശിപ്പിച്ചു.