11 മിനിറ്റ് വായിച്ചു

അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഖാദി പ്രചരിപ്പിക്കും: പി ജയരാജൻ

വരും വർഷങ്ങളിൽ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഖാദി യൂണിഫോമുകൾ പ്രചരിപ്പിക്കുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. ഖാദി വസ്ത്ര പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സർവീസ് സംഘടന പ്രതിനിധികളുടെയും സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുടെയും ജില്ലാതലയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖാദി വസ്ത്ര പ്രചാരണ പ്രവർത്തനങ്ങളിൽ സർക്കാർ, സഹകരണ ജീവനക്കാരുടെയും സംഘടനകളുടെയും സഹകരണം ഈ വർഷവും പ്രതീക്ഷിക്കുന്നതായി പി ജയരാജൻ പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കുന്നത് തുടരണം. അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഖാദിവസ്ത്ര പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് ഖാദി വസ്ത്രങ്ങൾ വിപണിയിലിറക്കുന്നത്. അംഗീകൃത ഖാദി ഷോറൂമുകളിൽ നിന്ന് തന്നെ ഉൽപ്പന്നങ്ങൾ വാങ്ങണമെന്നും വ്യാജ ഖാദി ഉൽപ്പന്നങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
150 കോടി രൂപയുടെ വസ്ത്ര വിൽപനയാണ് ഈ വർഷം ഖാദി ലക്ഷ്യമിടുന്നത്. കർക്കിടക വാവിനോടനുബന്ധിച്ച് ജൂലൈ 12 മുതൽ മൂന്ന് ദിവസവും ഓണക്കാലത്ത് ആഗസ്റ്റ് രണ്ട് മുതൽ 28 വരെയും 30% ഗവ. റിബേറ്റോടെ ഖാദി വസ്ത്രങ്ങൾ വിൽപനക്കെത്തും. ഖാദി വസ്ത്രം പ്രചരിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നതായി സർവീസ് സംഘടന പ്രതിനിധികൾ അറിയിച്ചു.
ജില്ലാപഞ്ചായത്ത് മിനി ഹാളിൽ ചേർന്ന യോഗത്തിൽ പയ്യന്നൂർ ഖാദികേന്ദ്രം ഡയറക്ടർ കെ വി രാജേഷ് അധ്യക്ഷനായി. ഖാദി ബോർഡ് പ്രൊജക്ട് ഓഫീസർ എസ് നിഷ, പയ്യന്നൂർ ഖാദി കേന്ദ്രം പ്രൊജക്ട് ഓഫീസർ എസ് ശിഹാബുദ്ദീൻ, ഖാദി വില്ലേജ് ഇന്റസ്ട്രീസ് ഓഫീസർ കെ വി ഫാറൂഖ് എന്നിവർ സംസാരിച്ചു. സർവീസ് സംഘടന പ്രതിനിധികൾ, പൊതുമേഖല തൊഴിൽ സംഘടന പ്രതിനിധികൾ, അൺ എയിഡഡ് സ്‌കൂൾ മാനേജ്‌മെൻറ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version