കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന് തൃശൂരിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഡിസംബർ 13 മുതൽ 16 വരെ നടക്കുന്ന സമ്മേളനത്തില്‍ എണ്ണൂറോളം പ്രതിനിധികളാണ് പങ്കെടുക്കുക. 16ന് വൈകിട്ട് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
ഇത് രണ്ടാം തവണയാണ് കിസാന്‍ സഭ അഖിലേന്ത്യാ സമ്മേളനത്തിന് തൃശൂര്‍ വേദിയാകുന്നത്. 1961ല്‍ എ.കെ.ജി അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴായിരുന്നു
സമ്മേളനം. വീണ്ടും അഖിലേന്ത്യാസമ്മേളനത്തിന് തൃശൂര്‍ വേദിയാകുമ്പോള്‍ വിപുലമായ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്‍റേത് കര്‍ഷക ദ്രോഹ നയമാണെന്നും ഇതിനെതിരെ യോജിക്കാവുന്ന സംഘടനകളുമായി ചേര്‍ന്നുള്ള വിപുലമായ പ്രക്ഷോഭത്തിന് സമ്മേളനം രൂപം നല്‍കുമെന്നും അഖിലേന്ത്യാ
ജോ.സെക്രട്ടറി ഡോ. വിജുകൃഷ്ണന്‍ പറഞ്ഞു.
13ന് പുഴയ്‌ക്കൽ ലുലു കൺവൻഷൻ സെന്‍ററിലെ കെ.വരദരാജൻ നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. 16ന് വൈകിട്ട് തേക്കിന്‍കാട് മൈതാനിയിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ഒരു ലക്ഷംപേരുടെ റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഫ്രാന്‍സിലെ ട്രേഡ് യൂണിയന്‍ നേതാക്കളായ ക്രിസ്‌റ്റ്യൻ അലിയാമി, മരിയ ഡി റോച്ച എന്നിവരും സൗഹാർദ പ്രതിനിധികളുമടക്കം 800 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദീപശിഖാ റാലി തെലങ്കാന, തമിഴ്നാട്ടിലെ കീഴ് വെണ്‍മണി എന്നിവിടങ്ങളില്‍ നിന്നാണ് പ്രയാണം തുടങ്ങുക. പതാക ജാഥ പുന്നപ്ര-വയലാറില്‍ നിന്നും കൊടിമരജാഥ കാസർകോട് കയ്യൂരില്‍ നിന്നും തുടങ്ങും. 12ന് വൈകിട്ട് ജാഥകള്‍ സംഗമിക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.