/
14 മിനിറ്റ് വായിച്ചു

ജലസംഭരണിയല്ല; അപകടക്കുഴി: സാങ്കേതികക്കുരുക്കിൽ കണ്ണൂർ കോർപ്പറേഷൻ കെട്ടിടം

കണ്ണൂർ : കണ്ണൂർ കോർപ്പറേഷന് ആധുനിക ആസ്ഥാന മന്ദിരമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കണ്ണൂർ നഗരസഭ കോർപ്പറേഷനായിട്ട് ഏഴുവർഷമായിട്ടും പുതിയ കെട്ടിടം തറയിൽ നിന്ന് ഉയർന്നിട്ടില്ല. വർഷങ്ങൾ പഴക്കമുള്ള നഗരസഭ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏപ്രിൽ ഒന്നിന് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും നടന്നു. പഴയ നഗരസഭാ ഓഫീസിന് സമീപത്തുള്ള സ്ഥലമിപ്പോൾ സമീപത്തെ കെട്ടിടങ്ങൾക്കും സമീപവാസികൾക്കും ഭീഷണിയായിരിക്കുകയാണ്.കെട്ടിടത്തിനായി ഒൻപത് മീറ്ററോളം ആഴത്തിലെടുത്ത കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുകയാണ്.ഇതിനോട് ചേർന്നാണ് കോടതിവളപ്പിലെ ജഡ്ജിമാരുടെ ക്വാർട്ടേഴ്‌സും ഐ.ജി.യുടെ വീടും പബ്ലിക് ഹെൽത്ത് ലാബുമെല്ലാം സ്ഥിതിചെയ്യുന്നത്.

വെള്ളം ആഴത്തിൽ കെട്ടിക്കിടക്കുന്നത് സമീപത്തെ കെട്ടിടങ്ങൾക്കും ഭീഷണിയാണ്. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിനാൽ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ചെറുതല്ല.ഒറ്റനോട്ടത്തിൽ കോർപ്പറേഷൻ കെട്ടിടത്തിനടുത്തുള്ള നീന്തൽകുളമാണെന്ന് തോന്നിക്കുന്നതാണിത്. കഴിഞ്ഞദിവസങ്ങളിലുണ്ടായ തുടർച്ചയായ മഴയെ തുടർന്നാണ് വെള്ളക്കെട്ടുണ്ടായത്. മഴ അല്പം ശമിച്ചെങ്കിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല.

തടസ്സം രൂപകല്പന

മൂന്നുമാസമായി കെട്ടിട നിർമാണം നിലച്ചിട്ട്. കെട്ടിടത്തിന്റെ അടിത്തറ രൂപകൽപ്പനയിലുള്ള ആശയക്കുഴപ്പമാണ് കാരണമെന്നാണ് കിഫ്ബി അധികൃതർ പറയുന്നത്. എന്നാൽ പ്ലാൻ വരച്ച് സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി പ്രവൃത്തി തുടങ്ങിയ ശേഷമാണ് ഇത്തരം കാരണം പറഞ്ഞ് പ്രവൃത്തി വൈകിപ്പിക്കുകയാണെന്നാണ് കോർപ്പറേഷൻ അധികൃതർ ആരോപിക്കുന്നത്.

കോർപ്പറേഷൻ മേയർ ടി.ഒ. മോഹനൻ മൂന്നുതവണ തിരുവന്തപുരത്ത് പോയി തദ്ദേശമന്ത്രി എം.വി. ഗോവിന്ദനുമായും കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായെല്ലാം ഇക്കാര്യം ചർച്ച ചെയ്തു.പ്ലാൻ മാറ്റി നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് മേയർ പറഞ്ഞു.25.6 കോടി രൂപയുടെ കിഫ്ബി ഫണ്ടാണ് കെട്ടിടനിർമാണത്തിനായി അനുവദിച്ചത്. രണ്ടുനില ഭൂഗർഭ പാർക്കിങ് അടക്കം അഞ്ചുനിലകളുള്ള കെട്ടിടമാണ് പണിയുന്നത്.ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ടെൻഡർ ഏറ്റെടുത്തത്. 2016-ലെ സർക്കാർ ബജറ്റിലാണ് പുതുതായി രൂപവത്ക്കരിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള കെട്ടിടങ്ങൾക്കായി 100 കോടി രൂപ മാറ്റിവെച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version