കണ്ണൂർ: ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ വൻ ലാഭം കൊയ്യാം എന്ന ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് യുവാവ് 100 കോടിയോളം രൂപ തട്ടിയതായി ആക്ഷേപം. പണവുമായി ഇയാൾ കടഞ്ഞുകളഞ്ഞതായാണ് വിവരം. കണ്ണൂർ ചപ്പാരപ്പടവിൽ താമസിച്ചിരുന്ന 22 കാരനാണ് ആളുകളെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയതായി പരാതി ഉയർന്നിരിക്കുന്നത്.
ഇയാൾ തളിപ്പറമ്പിന് അടുത്ത് ട്രെയ്ഡിംഗ് ബിസിനസ് സ്ഥാപനം നടത്തിയിരുന്നു. യുവാവിനെ കൂടാതെ മറ്റു രണ്ടു പേർ കൂടി സ്ഥാപനത്തിൽ പങ്കാളികളായി ഉണ്ടായിരുന്നു എന്നാണ് വിവരം. സ്ഥാപനത്തെ വിശ്വസിച്ചാണ് പലരും വൻ തുക നിക്ഷേപിക്കാൻ തയ്യാറായത്.
പതിനഞ്ച് ദിവസം കൊണ്ട് മുപ്പത് ലക്ഷത്തിലധികം തുക നൽകാമെന്ന് പറഞ്ഞാണ് ആളുകളിൽനിന്ന് ഇയാൾ തുക സമാഹരിച്ചത്.ചിലർക്ക് ആദ്യഘട്ടത്തിൽ ലാഭം നൽകുകയും ചെയ്തു. എന്നാൽ പലരും ലാഭം കിട്ടിയ പണം വീണ്ടും ഇയാളുടെ പക്കൽ തന്നെ നിക്ഷേപിച്ചു. വൻ തുക മോഹിച്ച് പലരും രണ്ടു ലക്ഷത്തോളം രൂപ വീതം വരെ ഇയാൾക്ക് നൽകിയിട്ടുണ്ട്. ഒടുവിൽ പണവും ലാഭവും എല്ലാം എടുത്ത് യുവാവ് കടന്നു കളഞ്ഞതായാണ് പരാതി.
ഇടപാടുകാർക്ക് ഇയാൾ പണം സ്വീകരിച്ചതായും 30 ശതമാനത്തിലധികം ലാഭം നൽകാമെന്ന് ഉറപ്പ് നൽകുന്നതായും മുദ്ര പത്രത്തിൽ എഴുതി നൽകും. ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കാനും ഇരുപത്തിരണ്ടുകാരന് പ്രത്യേകം കഴിവുണ്ടായിരുന്നതായി നാട്ടുകാർ ചിലർ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച സ്ഥാപനം അടഞ്ഞുകിടക്കുന്നത് കണ്ടതോടുകൂടിയാണ് പലരും യുവാവിനെ തിരക്കിയത്.
തുടർന്നാണ് ഇയാൾ മുങ്ങിയതായി നാട്ടുകാർ മനസ്സിലാക്കിയത്. പണം നഷ്ടപ്പെട്ട ഒരാൾ യുവാവിന്റെ രണ്ട് ബൈക്കുകളും മൽസ്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. മൽസ്യം വാങ്ങിയ വകയിൽ തന്നെ യുവാവ് ഇയാൾക്ക് രണ്ട് ലക്ഷം രൂപയോളം കൊടുക്കാനുണ്ട്.യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായി നിക്ഷേപകർ സംശയിക്കുന്നു.
അതേസമയം കോടികളുമായി മുങ്ങിയ യുവാവിന്റെ കാണാതായ സഹായിയെ പോലീസ് കണ്ടെത്തി. മഴൂരിലെ കുന്നുംപുറത്ത് പുതിയപുരയില്‍ ടി.പി.സുഹൈറിനെയാണ്(26) ഇന്നലെ പോലീസ് കണ്ടെത്തിയത്. തടിക്കടവിലെ സഹോദരിയുടെ വീട്ടില്‍ വെച്ചാണ് പോലീസ് സുഹൈറിനെ കണ്ടെത്തിയത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് സൂഹൈര്‍ പോലീസിനോട് പറഞ്ഞു.സൂഹൈറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജൂലായ് 23 മുതല്‍ സുഹൈറിനെ കാണാനില്ലെന്ന് മാതാവ് തറച്ചാണ്ടിലകത്ത് വീട്ടില്‍ ആത്തിക്ക ഇന്നലെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
23 ന് രാവിലെ വീട്ടില്‍ നിന്ന് പോയ സൂഹൈര്‍ 24 ന് ഫോണില്‍ വിളിച്ച് തളിപ്പറമ്പിലുണ്ടെന്നും വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞുവെങ്കിലും വന്നില്ലെന്നും മൊബൈല്‍ സ്വിച് ഓഫ് ചെയ്തിരിക്കയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.സുഹൈര്‍ പണം തട്ടിയെടുത്ത് മുങ്ങിയ യുവാവിന്റെ മല്‍സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പ്രവര്‍ത്തിച്ചയാളുമായിരുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു.
നൂറ് കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്ന് ആക്ഷേപം ഉണ്ടായിട്ടും സംഭവത്തിൽ ഇതുവരെ ആരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. എങ്കിലും തട്ടിപ്പിന്റെ വിവരം സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതിനാൽ പോലീസ് ചില അന്വേഷണങ്ങൾ നടത്തുന്നുണ്ട്.വിഷയം സാമ്പത്തിക തട്ടിപ്പ് ആയതിനാൽ പരാതിയുമായി ആരെങ്കിലും മുന്നോട്ടു വന്നാൽ മാത്രമേ പോലീസിന് കൃത്യമായ നടപടി സ്വീകരിക്കാനാവൂ. തട്ടിപ്പിനിയായ ഇവർ പരാതിയുമായി വൈകാതെ രംഗത്ത് വരും എന്നാണ് തളിപ്പറമ്പ് പോലീസ് കരുതുന്നത്.