കണ്ണൂർ: സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച 10 ജില്ലകളിൽ ഒമ്പതെണ്ണത്തിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടും കണ്ണൂർ ജില്ലക്ക് മാത്രം അവധി നൽകിയില്ല. അതിതീവ്ര മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് റെഡ് അലർട്ടുള്ള ജില്ലയാണ് കണ്ണൂർ. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിട്ട് പോലും അവധി നൽകിയിട്ടുണ്ട്.
അതിതീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ തിരുവനന്തപുരം, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, പാലക്കാട്, കൊല്ലം ജില്ലകളിലെ അംഗൻവാടികൾ മുതൽ പ്രഫഷനൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
കണ്ണൂർ കലക്ടറുടെ വിവേചനപരമായ തീരുമാനത്തിനെതിരെ ഔദ്യോഗിക ഫേസ്ബുക് പേജിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കടുത്ത വിമർശനമാണ് ഉയരുന്നത്.
‘കോഴിക്കോടിനും വയനാടിനും അവധി. അവർക്കിടയിലുള്ള കണ്ണൂർ അവധിക്ക് യാചിക്കുന്നു. ഇവിടെ red alert ആണ് പക്ഷെ പുറത്തിറങ്ങാം!’ എന്നാണ് ഒരാളുടെ കമന്റ്.
‘സർ, ദയവായി ഉച്ചയാകുമ്പോൾ അവധി പ്രഖ്യാപിക്കാതിരിക്കുക… ‘ എന്നും ചിലർ ഓർമിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്നലെ മഴമൂലം ആറ് പേർ മരിച്ചതിൽ മൂന്നുപേരും കണ്ണൂർ ജില്ലയിലാണ്.കണ്ണൂർ പേരാവൂരിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെയുള്ളവർക്കാണ് ജീവൻ നഷ്ടമായത്. കണിച്ചാർ പഞ്ചായത്തിലെ നെടുംപുറംചാൽ നദീറയുടെ മകൾ നൂമ തസ്മീൻ (രണ്ടര), വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55), അരുവിക്കൽ രാജേഷ് (45) എന്നിവരാണ് മരിച്ചത്. ജില്ലയിൽ അപകടകരമായ സാഹചര്യമായിട്ടും അവധി നൽകാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
‘ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ കാരണം മരണം സംഭവിച്ചു.. വീടുകൾ പലതും മണ്ണിന്റെ അടിയില്‍ ആയിരുന്നു… ദുരന്ത നിവാരണത്തിനായി കുറെ അധികം എൻ.സി.സി, എൻ.എസ്.എസ് വിദ്യാര്‍ഥികള്‍ ഈ വൈകിയ വേളയിലും മഴയത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ഉറക്കം കളഞ്ഞു നാളെ ക്ലാസിലേക്ക് പോകാന്‍ കഴിയുമോ എന്നും ആലോചിക്കണം. മാത്രമല്ല ദുരന്തങ്ങള്‍ കൂടാതിരിക്കാൻ സര്‍ ഉടന്‍ തന്നെ തീരുമാനം എടുക്കണം ..’ എന്നും ചിലർ കലക്ടറെ ഓർമപ്പെടുത്തുന്നു. ??