കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തലിന് പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയും, വിവരം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും ചെയ്ത കുട്ടിയുടെ അച്ഛന്‍ പോക്‌സോ കേസിലെ പ്രതിയെന്ന് റിപ്പോര്‍ട്ട്. മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഖര്‍ഗര്‍ പൊലീസാണ് പിതാവിനെതിരെ പോക്‌സോ കേസെടുത്തിട്ടുള്ളത്. രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. ഭാര്യയുടെ പരാതിയിലായിരുന്നു അന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
പീഡനത്തിനിരയായ മകളെ ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ രക്ഷിതാവ് ഹാജരാക്കുന്നതും, കുട്ടിയുടെ ചിത്രമെടുക്കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ, ദൃശ്യമാധ്യമങ്ങളെ നേരിട്ട് വിവരം നല്‍കിയതും, മകളെ കൊണ്ട് പ്രതികരണം നടത്തിച്ചതും പിതാവായിരുന്നു. സഹപാഠി മയക്കുമരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
11 പെണ്‍കുട്ടികളെ കൂടി ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ വിശ്വസനീയമല്ലെന്നാണ് പൊലീസിന്റെ നിഗമനം. പീഡനം സംബന്ധിച്ച് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പൊലീസിനോട് പറയാനും കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായിട്ടില്ല. കേരളത്തിന് പുറത്തായിരുന്ന അമ്മ ബുധനാഴ്ച കണ്ണൂരിലെത്തിയിരുന്നു.
സംഭവത്തില്‍ മറ്റ് പെണ്‍കുട്ടികളാരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല. സഹപാഠിയായ ആണ്‍കുട്ടി കഞ്ചാവ് വലിക്കാറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കഞ്ചാവ് തരുന്ന ആളുടെ പേര് അറിയില്ലെന്നും കണ്ടാല്‍ തിരിച്ചറിയുമെന്നുമായിരുന്നു ആണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം മയക്കുമരുന്ന് നല്‍കിയതെന്നും ആണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.