ന്യൂമാഹി: കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളര്‍പ്പിച്ച് സ്ഥാപിച്ച ബാനറുകളും ബോര്‍ഡുകളും അഴിച്ചുമാറ്റിയ ന്യൂമാഹി പോലീസിനെതിരെ പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകര്‍.
ഈങ്ങയില്‍പ്പീടിക അടക്കമുള്ള പ്രദേശങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളുമാണ് മുന്നറിയിപ്പ് നല്‍കാതെ കഴിഞ്ഞ ദിവസം രാത്രി പോലീസ് നീക്കം ചെയ്തത്. രാവിലെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ തലശേരി ഏരിയാ കമ്മിറ്റി അംഗം വി പി വിജേഷിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്താന്‍ തുടങ്ങിയതോടെ എടുത്ത ബോര്‍ഡുകള്‍ തങ്ങള്‍ തന്നെ അതേസ്ഥലത്ത് തിരിച്ചു സ്ഥാപിക്കാമെന്ന് പൊലീസുകാര്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ബോര്‍ഡുകളും ബാനറുകളും തിരിച്ചുകൊണ്ടുവച്ചതോടെ പ്രവര്‍ത്തകരും മടങ്ങി.സംഭവത്തില്‍ ന്യൂമാഹി പൊലീസിനെതിരെ ഡിവൈഎഫ്ഐ നോര്‍ത്ത് മേഖലാ സെക്രട്ടറി ഷൈന്‍ കുമാര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചെന്നൈയില്‍ നിന്ന് നേരിട്ട് കണ്ണൂരിലേക്ക് കൊണ്ടുവന്നത് സംബന്ധിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിഎന്‍ വാസവന്.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് അത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് വാസവന് പറഞ്ഞു. കോടിയേരിയുടെ ശരീരം വളരെ വീക്കായിരുന്നു. അതുകൊണ്ട് ദീര്‍ഘയാത്ര പാടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം ആവശ്യപ്പെട്ടിരുന്നെന്നും വാസവന് പറഞ്ഞു.
വിഎന്‍ വാസവന്റെ വാക്കുകള്‍:
”ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിര്‍ദേശമാണ് നടപ്പാക്കിയത്. ബോഡി വളരെ വീക്കായിരുന്നു. അതുകൊണ്ട് ദീര്‍ഘയാത്ര പാടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പൊതുദര്‍ശനം നടത്താനാണ് പാര്‍ട്ടി ആദ്യം ആലോചിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം വന്നതോടെ ആ തീരുമാനം മാറ്റുകയായിരുന്നു. അതില്‍ വിവാദത്തിന്റെ ആവശ്യമില്ല.”
കഴിഞ്ഞദിവസം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ”ദീര്‍ഘ നാളത്തെ രോഗാവസ്ഥ സഖാവിന്റെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണശേഷവും ദീര്‍ഘമായ ഒരു യാത്ര അതുകൊണ്ട് തന്നെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടായത്.
അതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയില്‍ നിന്ന് തലശ്ശേരിയിലേക്കും, പിന്നീട് കണ്ണൂരിലേക്കും കൊണ്ടുപോകുന്നതിനുള്ള തീരുമാനമെടുത്തത്.”