കൊടുവള്ളി റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ കണ്ണൂർ തലശ്ശേരി ദേശിയപാതയിൽ കൊടുവള്ളി ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ അദ്ദേഹത്തിൻ്റെ ചേംബറിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ തലയോഗത്തിലാണ് ഒക്ടോബർ പകുതിയോടെ നിർമ്മാണം പൂർത്തിയാക്കുന്നതിന് തീരുമാനമെടുത്തത്. റയിൽവേ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ജൂലൈ 18, 19, 20 തീയതികളിലായി നടക്കുമെന്നും തുടർന്ന് റെയിൽവേയുടെ ഭാഗത്തുള്ള പണികൾ രണ്ടു മാസത്തിനുള്ളിലും രണ്ടു ഭാഗത്തുമുള്ള പാലത്തിന്റെ പണികൾ സമാന്തരമായി മൂന്നു മാസത്തിനുള്ളിലും പൂർത്തിയാക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ജൂലൈ 18 ന് സ്പീക്കർ സൈറ്റ് സന്ദർശിക്കും.
ദക്ഷിണ റെയിൽവേ ചീഫ് എഞ്ചിനീയർ രാജഗോപാൽ, കിഫ്‌ബി സീനിയർ മാനേജർ എ. ഷൈല, ആർ.ബി.ഡി.സി.കെ മാനേജിംഗ് ഡയറക്ടർ സുഹാസ്, ജനറൽ മാനേജർ സിന്ധു, എസ്.പി.എൽ ലിമിറ്റഡ് ഡി.ജി.എം. മഹേശ്വരൻ, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡർ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കെ എന്നിവർ യോഗത്തിൽ പങ്കെടുത്തു