കൂത്തുപറമ്പ് താലൂക്കാശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ടനിർമാണം പൂർത്തിയായി. രണ്ടാംഘട്ട പ്രവൃത്തി അടുത്തമാസം ആരംഭിക്കും. നബാർഡിന്റെയും സംസ്ഥാനസർക്കാരിന്റെയും വിഹിതമായ 64 കോടിയോളം രൂപ ചെലവിട്ട് രണ്ട് ബേസ്മെൻറ് ഉൾപ്പെടെ 12 നിലകളോടുകൂടിയ കെട്ടിടമാണ് നിർമിക്കുന്നത്.
മോർച്ചറി, മരുന്ന് സൂക്ഷിക്കുന്ന കെട്ടിടം, ഫിസിയോതെറാപ്പി കെട്ടിടം എന്നിവ പൊളിച്ചുനീക്കി പഴയ കാഷ്വാലിറ്റി കെട്ടിടത്തെ കൂടി കൂട്ടിയോജിപ്പിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഒന്നാംഘട്ടത്തിലെ സിവിൽവർക്കുകൾ പൂർത്തിയായി. 13.05 കോടി രൂപ ചെലവിട്ടാണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്.
പാർക്കിങ്, മാലിന്യ സംസ്കരണപ്ലാന്റ്, മോർച്ചറി, ഡ്രഗ്സ്റ്റോർ, അത്യാഹിതവിഭാഗം, ഒ.പി. വിഭാഗം, ഫാർമസി, ലാബ്, എമർജൻസി ഓപ്പറേഷൻ തീയേറ്ററോടുകൂടിയ ലേബർ റൂം, വാർഡ് എന്നിവയാണ് ആദ്യഘട്ട നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
രണ്ടാംഘട്ടത്തിന് 50 കോടിയിലേറെ
ഫ്ലോറിങ്, ഇലക്ട്രിക്കൽ, പ്ലംബ്ബിങ്, പെയിന്റിങ് തുടങ്ങിയവ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി നടത്തും. ഇതിനുള്ള ഭരണാനുമതി നേരത്തേ ലഭിച്ചിരുന്നു. 50 കോടി രൂപയിലേറെയാണ് രണ്ടാംഘട്ട പ്രവൃത്തിക്കായി കണക്കാക്കുന്നത്.
ഒഫ്താൽ ഓപ്പറേഷൻ തിയേറ്റർ സമുച്ചയം, സി.എസ്.എസ്.ഡി., ഒഫ്താൽ പോസ്റ്റ് ഒ.പി., മെഡിസിൻ ഐ.സി.യു., സർജറി ഐ.സി.യു., പോസ്റ്റ് ഒ.പി. വാർഡ്, പോസ്റ്റ് നേറ്റൽ വാർഡ്, പീഡിയാട്രിക് വാർഡ്, ഐസൊലേഷൻ വാർഡ്, പുരുഷൻമാരുടെയും സ്ത്രീകളുടെയും സർജിക്കൽ വാർഡും മെഡിക്കൽ വാർഡും, ലോൻട്രി, സ്റ്റാഫ് സിക്ക് റൂം തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തിൽ നിർമിക്കുക.സാങ്കേതികാനുമതി ലഭിച്ചാലുടൻ പ്രവൃത്തി തുടങ്ങും.