കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഏറ്റുമുട്ടൽ തുടർന്നതോടെ നാട്ടുകാർ ഇടപെട്ട് ജീവനക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരു ബസ് ജീവനക്കാർക്കും സാരമായ രീതിയിൽ പരിക്കേറ്റതായിട്ടാണ് വിവരം.ഇന്ന് രാവിലെയോടെ കോഴിക്കോട് സിറ്റി ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു സംഭവം. ഒരേ റൂട്ടിലോടുന്ന സിറ്റി ബസ് ജീവനക്കാർ തമ്മിലാണ് അടിപിടിയുണ്ടായത്. സമയക്രമം തെറ്റിച്ചത് ഒരു കൂട്ടർ ചോദ്യം ചെയ്തോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്, തർക്കം പിന്നീട് കയ്യാങ്കളിയിലെത്തി. ബസ് നടുറോഡിൽ നിർത്തിയിട്ട് സംഘർഷമുണ്ടായതോടെ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി.ഇതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു.ഇരുകൂട്ടരും ആദ്യഘട്ടത്തിൽ പിന്തിരിയാൻ തയ്യാറായില്ല. ഇരു സംഘത്തെയും കായികമായി നേരിടുമെന്ന് നാട്ടുകാർ പ്രഖ്യാപിച്ചതോടെയാണ് പിരിഞ്ഞുപോയത് സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.