/
10 മിനിറ്റ് വായിച്ചു

കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വില്‍പന; കോഴിക്കോട് ജ്യൂസ് കടയ്‌ക്കെതിരെ കേസ്

കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടി.

സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു. സീഡ് ഓയില്‍ രാസപരിശോധനക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്കയച്ചു. പരിശോധനാഫലം ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എന്‍ സുഗുണന്‍ അറിയിച്ചു.

ഡല്‍ഹിയില്‍ നിന്നുമാണ് ഇത്തരത്തിലുളള കഞ്ചാവിന്റെ കുരു വരുന്നത്.ഇത്തരത്തിലുളള കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഈ സ്ഥാപനത്തില്‍ എത്തുന്നുണ്ടോയെന്നും എക്സൈസ് സംഘം നിരീക്ഷിച്ചു വരുകയാണ്. രാസ പരിശോധന ഫലത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

ഗുജറാത്തി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നതായും ഇത്തരത്തിലുളള ഷെയ്ക്കിനെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരണം നടക്കുന്നതായും എക്സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്‍.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version