//
26 മിനിറ്റ് വായിച്ചു

കെപിസിസി അദ്ധ്യക്ഷ പദവിയില്‍ കെ സുധാകരന് ഇന്നേക്ക് ഒരു വര്‍ഷം

കെപിസിസി അദ്ധ്യക്ഷ പദവിയില്‍ കെ സുധാകരന്‍ എം പി നിയമിതനായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും വിജയിച്ചു കയറിയതിനെ തുടര്‍ന്ന് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു.ഇതിനെ തുടര്‍ന്നാണ് സുധാകരനെ സംസ്ഥാന അദ്ധ്യക്ഷനാക്കിയത്. കോണ്‍ഗ്രസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു നില്‍ക്കുന്ന സമയത്താണ് സുധാകരന്റെ സ്ഥാനലബ്ദിയുടെ വാര്‍ഷികം.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ നേതാവിനോടൊപ്പം പരമാവധി യോജിച്ച് പോകുന്ന നിലപാടാണ് സംസ്ഥാന അദ്ധ്യക്ഷനെന്ന നിലക്ക് കെ സുധാകരന്‍ സ്വീകരിച്ചത്.സംഘടന രംഗത്തും സമരരംഗത്തും ഏകാഭിപ്രായം എന്ന നിലയിലേക്ക് ഒരു പരിധിവരെ കൊണ്ടുവരാന്‍ സുധാകരന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള അഭിപ്രായം.സംഘടന സംവിധാനം ഉടച്ചുവാര്‍ക്കുമെന്ന നിലപാടാണ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് ആദ്യം സുധാകരന്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികള്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചതില്‍ അമ്പത് ശതമാനത്തോളം സിയുസികള്‍ നിലവില്‍ കൊണ്ടുവരാന്‍ സുധാകരന് കഴിഞ്ഞു. ഇപ്പോഴില്ലെങ്കില്‍ ഇനിയില്ലെന്ന സന്ദേശമാണ് സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തുടര്‍ച്ചയായി നല്‍കുന്നത്.

സംഘടനത്തെ ഉടച്ചുവാര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഗുണം കോണ്‍ഗ്രസ് നേതൃത്വത്തിന് ഏറ്റവും കൂടുതല്‍ മനസ്സിലായത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലാണ്. കോണ്‍ഗ്രസിന്റെ സ്വന്തം മണ്ഡലമായിരുന്നിട്ടും കേഡര്‍ സംവിധാനത്തിന്റെ മുഴുവന്‍ ശക്തിയോടെയും സിപിഐഎം തെരഞ്ഞെടുപ്പില്‍ അണിനിരന്നപ്പോള്‍ പ്രചരണ രംഗത്ത് പിടിച്ചു നില്‍ക്കാനായത് പുതിയതായി നടപ്പില്‍ വരുത്തിയ സംഘടന സംവിധാനങ്ങളിലൂടെയാണ്.ആദ്യ പിണറായി വിജയന്‍ മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ പ്രവര്‍ത്തകരെ തെരുവിലിറക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. താഴെ തട്ടിലുള്ള സംഘടന ശോഷണം തന്നെയായിരുന്നു അതിന് കാരണം.എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജീവമായി രംഗത്തിറക്കാന്‍ സുധാകരന്റെ സംഘടന സജീവമാക്കല്‍ പ്രക്രിയക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

സുധാകരന്‍ അദ്ധ്യക്ഷനായും വിഡി സതീശന്‍ പ്രതിപക്ഷ നേതാവായും വന്നതോടെ കോണ്‍ഗ്രസിനകത്തെ അധികാര ഘടനയിലും മാറ്റം വന്നിട്ടുണ്ട്. നേരത്തെ എ ഗ്രൂപ്പിനെ നയിച്ചിരുന്ന ഉമ്മന്‍ ചാണ്ടി പുതിയ നേതൃത്വം ഇനി കാര്യങ്ങള്‍ തീരുമാനിക്കട്ടെ എന്ന നിലപാടിലേക്ക് മാറികഴിഞ്ഞിട്ടുണ്ട്. ഐ ഗ്രൂപ്പിനെ നയിച്ചിരുന്ന രമേശ് ചെന്നിത്തലയെ ഒപ്പം നിര്‍ത്തി തന്നെയാണ് പുതിയ നേതൃത്വം കൊണ്ടുപോകുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി-രമേശ് ചെന്നിത്തല എന്ന ഗ്രൂപ്പ് സമവാക്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ഏറെ മാറി.കാര്യങ്ങള്‍ നേരത്തേതില്‍ നിന്ന് മാറ്റാനായി എന്ന അഭിപ്രായം രൂപപ്പെട്ടത് സുധാകരന് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ്. എന്നാല്‍ വര്‍ഷങ്ങളായി പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട ശീലങ്ങള്‍ കൊണ്ടും രീതികളാലും പ്രഖ്യാപിച്ച പരിപാടികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് സുധാകരനെ സംബന്ധിച്ചിടത്തോളം നെഗറ്റീവ് മാര്‍ക്ക് ലഭിക്കാനിടയാക്കും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അവിടെ നിന്ന് നേതാക്കളുടെ ഒഴിക്ക് തങ്ങളുടെ പാര്‍ട്ടിയിലേക്ക് ഉണ്ടാകുമെന്നും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയാകാനും കഴിയുമെന്നായിരുന്നു സംസ്ഥാനത്തെ ബിജെപി പ്രതീക്ഷ. അവര്‍ പ്രതീക്ഷിച്ചത് പോലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെങ്കിലും ബിജെപിയിലേക്ക് ഒഴുക്കുണ്ടായില്ല. അതിന് പകരം സംസ്ഥാനത്തെ പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തന്നെയാണ് എന്ന് യഥാര്‍ത്ഥത്തില്‍ തോന്നിപ്പിക്കാന്‍ ഇടപെടലുകളിലൂടെയും സംഘടന നടപടികളിലൂടെയും കോണ്‍ഗ്രസിന് സാധിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കേരള രാഷ്ട്രീയത്തിലുണ്ടായ സ്വാധീനമാണ് കുറഞ്ഞത്. അങ്ങനെ സംഭവിക്കാന്‍, തോന്നിപ്പിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസ് സജീവമായതോടെയാണ്.അക്കാര്യത്തിന്റെ ക്രെഡിറ്റ് സുധാകരനെടുക്കാം.ശൈലിയിലും രീതികളിലും ഉള്ള മാറ്റങ്ങള്‍ക്ക് കൈയ്യടി ലഭിച്ചേക്കാം. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ തന്നെയാണ് അര്‍ഹിച്ച അംഗീകാരം നല്‍കുന്നത്. അത് കൊണ്ട് തന്നെ കെ സുധാകരന്റെ നേതൃത്വം കോണ്‍ഗ്രസിന് നല്ലതോ മികച്ചതോ എന്ന് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പറയും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version