കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പിജെ കുര്യനും മുല്ലപ്പളളി രാമചന്ദ്രനും പങ്കെടുക്കില്ല. യോഗത്തിൽ പങ്കെടുക്കാത്തിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും വിട്ടുനിൽക്കുന്നത് വ്യക്തിപരമായ കാരണങ്ങൾ മൂലമാണെന്നാണ് പി ജെ കുര്യൻ നൽകുന്ന വിശദീകരണം. അതേസമയം രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ് പി ജെ കുര്യൻ യോഗത്തിൽ നിന്ന് വിട്ട് നിൽക്കുന്നതെന്ന ആരോപണനുമുണ്ട്.സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ വിഷയങ്ങൾ വിലയിരുത്തുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്നു യോഗം ചേരുന്നത്. പ്രസിഡന്റ് കെ സുധാകരൻ എംപി അധ്യക്ഷതയിൽ കെപിസിസി ആസ്ഥാനത്താണ് യോഗം. പാലക്കാട്ടെ രാഷ്‌ട്രീയ കൊലപാതകങ്ങൾ, കെ റയിൽ വിരുദ്ധ സമരം, മറ്റ് അത്യാവശ്യ വിഷയങ്ങൾ എന്നിവയാണ് ചർച്ച ചെയ്യുക. വൈകുന്നേരം നാലിന് കെപിസിസി ഭാരവാഹികളുടെ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്. രാഹുലിനെതിരെ പി ജെ കുര്യൻ നടത്തിയ പരസ്യ വിമർശനവും കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയായേക്കുമെന്നാണ് വിവരം.
കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പിജെ കുര്യനും മുല്ലപ്പളളിയും പങ്കെടുക്കില്ല
