കണ്ണൂര്‍: കെ റെയില്‍ പദ്ധതിയുടെ സര്‍വേകുറ്റികള്‍ പിഴുതെറിയുമെന്ന നിയമലംഘനത്തിനുള്ള കെ പി സി സി പ്രസിഡന്‍റിന്‍റെ ആഹ്വാനം ക്രിമിനല്‍ കുറ്റമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ഈ ആഹ്വാനം കേട്ടാണ് മാടായിപാറയില്‍ ക്രിമിനല്‍സംഘം കല്ലുകള്‍ നശിപ്പിച്ചത്. ഡി സി സി പ്രസിഡന്‍റ് സ്ഥാനം മുമ്പ് കത്തിയും വാളും കാട്ടി പിടിച്ചെടുത്തത് പോലെ സര്‍വേ കല്ലുകള്‍ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്ത് വികസന പദ്ധതി തകര്‍ക്കാനുള്ള പരിശ്രമമാണ് കെ പി സി സി പ്രസിഡന്‍റ് ആഹ്വാനം ചെയ്തതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു .
ഭൂവുടമകള്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതോടെ കേരളത്തിന്‍റെ ഭാവി വികസനത്തിനു വളരെയേറെ പ്രയോജനകരമായ കെ റെയില്‍ പദ്ധതിയുമായി സഹകരിക്കാന്‍ ജനങ്ങള്‍ തയ്യാറാവുകയാണ്. ജനസമക്ഷം സില്‍വര്‍ ലൈന്‍ ക്യാമ്പയിന്‍ പരിപാടി മന്ത്രിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ചതോടെ വെറളി പിടിച്ച വികസന വിരുദ്ധ രാഷ്ട്രീയക്കാരുടെ പേക്കൂത്തുകള്‍ വികസന തല്പരരായ ജനങ്ങള്‍ അംഗീകരിക്കില്ല. മട്ടന്നൂര്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പ്രഖ്യാപിച്ചതിനേക്കാള്‍ ജനപക്ഷ പാക്കേജാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുനരധിവാസത്തിന് 1730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനു 4400 കോടിയുമാണ് നല്‍കുക. പിന്നെ എന്തിന് ഭൂവുടമകള്‍ പദ്ധതിയെ എതിര്‍ക്കണം. മാടായിപാറയില്‍ ഭൂവുടമകളല്ല, കോണ്‍ഗ്രസ്സ് ബി ജെ പി അരാജക സംഘങ്ങളാണ് കല്ലുകള്‍ നശിപ്പിച്ചത്. ഇക്കൂട്ടരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. കല്ലുകള്‍ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത നേതാവിന്‍റെ പേരിലും കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
മുമ്പ് കീഴാറ്റൂര്‍ ബൈപാസിന്‍റെ സമയത്ത് ജനങ്ങളെ ഇളക്കിവിട്ടതുപോലെ കെ-റെയില്‍ പദ്ധതിയുടെ കാര്യത്തിലും ജനങ്ങളെ നിയമവിരുദ്ധ ചെയ്തികള്‍ക്കായി പ്രേരിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. നിയമപരമായി എതിര്‍ക്കാന്‍ കഴിയില്ല എന്നു വന്നപ്പോഴാണ് നിയമവിരുദ്ധ കുറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.കീഴാറ്റൂരില്‍ എങ്ങനെയാണോ സമരം അവസാനിച്ചത് അതേ ഗതിയായിരിക്കും ഇപ്പോള്‍ ഈ വികസന വിരുദ്ധ രാഷ്ട്രീയക്കാരുടെ കെ-റെയില്‍ വിരുദ്ധ സമരത്തിനും ഉണ്ടാവുകയെന്നും ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.