തെലുങ്കിലെ മുതിര്‍ന്ന നടനും രാഷ്ട്രീയ നേതാവുമായ യു വി കൃഷ്ണം രാജു (83) അന്തരിച്ചു. കുറച്ചുകാലമായി രോഗാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്‍റെ മരണകാരണം ഹൃദയാഘാതമാണ്. ഹൈദരാബാദ് ഗച്ചിബൌളിയിലെ എ ഐ ജി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 3.25 ന് ആണ് മരണം. തെലുങ്ക് യുവതാരം പ്രഭാസിന്‍റെ വലിയച്ഛനാണ് കൃഷ്ണം രാജു.
1940 ജനുവരി 20 ന് ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാബരി ജില്ലയിലുള്ള മൊഗള്‍ത്തൂരിലാണ് ഉപ്പളപതി വെങ്കട കൃഷ്ണം രാജുവിന്‍റെ ജനനം. വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവര്‍ത്തകനായി കുറച്ചുകാലം അദ്ദേഹം ജോലി ചെയ്തു. 1966ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം ചിലക ഗോറിങ്കയിലൂടെ നായകനായാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്.
നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളായും അദ്ദേഹം കൈയടി നേടി. മികച്ച നടനുള്ള രാഷ്ട്രപതി പുരസ്കാരം 1977ലും 78ലും അദ്ദേഹം നേടി. 1977, 84 വര്‍ഷങ്ങളില്‍ നന്ദി പുരസ്കാരങ്ങള്‍, 1977, 83, 84, 86 വര്‍ഷങ്ങളില്‍ ഫിലിംഫെയര്‍ പുരസ്കാരങ്ങളും അദ്ദേഹം നേടി. 2006ല്‍ ഫിലിംഫെയര്‍ സൌത്തിന്‍റെ ആജീവനാന്ത പുരസ്കാരവും കൃഷ്ണം രാജുവിനെ തേടിയെത്തി.
ഭക്ത കണ്ണപ്പ, ബൊബ്ബിളി ബ്രഹ്‍മണ്ണ തുടങ്ങി അദ്ദേഹം അഭിനയിച്ച നിരവധി ചിത്രങ്ങള്‍ ഇന്നും ജനപ്രീതിയിലുണ്ട്. അഭിനയിച്ച റോളുകളുടെ പ്രത്യേകത കൊണ്ട് റിബല്‍ സ്റ്റാര്‍ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു.
തൊണ്ണൂറുകളുടെ അവസാനം ബിജെപിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ കൃഷ്ണം രാജു രണ്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാജ്പേയി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രി ആയിരുന്നു. 2009ല്‍ ചിരഞ്ജീവിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ പ്രജാരാജ്യം പാര്‍ട്ടിയില്‍ ചേര്‍ന്നു അദ്ദേഹം. പിന്നീട് മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ പരാജയം നേരിട്ടിരുന്നു. അതേസമയം പ്രഭാസിനൊപ്പം എത്തിയ രാധേശ്യാം ആണ് അഭിനയിച്ച അവസാന ചിത്രം.