പ്രൈവറ്റ് ബസ് ചാർജ് വർധിക്കുന്നതിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി നിരക്കും കൂടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് നിരക്കാണ് വർദ്ധിപ്പിക്കുക.സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനം.മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.പ്രൈവറ്റ് ബസ് മേഖലയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒട്ടും പര്യാപ്തമായ നിരക്ക് വര്‍ധനവല്ല എല്‍ഡിഎഫ് പ്രഖ്യാപിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിനിധി ടി ഗോപിനാഥ് പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ല. സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാം. ബസുടമകള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രതിനിധി പ്രതികരിച്ചു.