എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെഎസ്‌യു നേതാവ് നിതിന്‍ ലൂക്കോസ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. കാര്‍ വാടകയ്ക്ക് എടുത്ത ശേഷം പണയം വച്ച കേസിലാണ് നിതിൻ അറസ്റ്റിലായത്. നിതിൻ ഉൾപ്പെടെ രണ്ടുപേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. തൃശൂര്‍ മാള സ്വദേശി സജീവന്റെ കാറാണ് പ്രതികൾ വാടകക്കെടുത്ത് പണയം വെച്ചത്. വാടകയ്‌ക്കെടുത്ത കാർ എറണാകുളത്ത് കൊണ്ടുപോയി നാല് ലക്ഷം രൂപയ്‌ക്ക് പണയം വെക്കുകയായിരുന്നു. ഇന്ന് വൈകിട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.ധീരജ് കേസിലെ എട്ട് പ്രതികളിലൊരാളായ നിതിന് നേരത്തെ ഈ കേസില്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. ആകെ എട്ട് പ്രതികളുള്ള കൊലപാതകത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നിഖില്‍ പൈലിയാണ് കേസില്‍ ഒന്നാം പ്രതി. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ള കുറ്റപത്രത്തിൽ 160 സാക്ഷികളാണുള്ളത്. അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ല.