കണ്ണൂർ : വിദ്യാർഥികൾ സ്കൂൾ പരിസരം വിട്ട് പുറത്തുപോകുന്നത് നിയന്ത്രിക്കാൻ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ കാന്റീനും സ്റ്റൂഡന്റ് മാർക്കറ്റുകളും ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. ചായയും മറ്റും കഴിക്കാനും പഠനസാമഗ്രികൾ വാങ്ങാനുമെന്ന പേരിൽ പുറത്തിറങ്ങുന്ന സമയത്താണ് കുട്ടികൾ മയക്കുമരുന്നുകളും നിരോധിത പുകയില ഉത്‌പന്നങ്ങളും സംഘടിപ്പിക്കുന്നതെന്ന സംശയം ബലപ്പെട്ടതിനെത്തുടർന്നാണിത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം വിളിച്ചുചേർത്ത യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ-കുടുംബശ്രീ അധികൃതരും പങ്കെടുത്തു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് ആദ്യം ആരംഭിക്കുക. സ്കൂൾ പരിസരത്തെ താത്‌പര്യമുള്ള കുടുംബശ്രീ യൂനിറ്റുകളെ ഇതിനായി ചുമതലപ്പെടുത്തും.
ചായക്കും പലഹാരങ്ങൾക്കും പുറമെ, ഊണും ലഭിക്കും. ഊണ് വേണ്ടവർ രാവിലെ അറിയിക്കണം. അവർക്ക് ഏറ്റവും അടുത്ത ജനകീയ ഹോട്ടലുകളിൽനിന്ന് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനാൽ സബ്സിഡി നിരക്കിൽ ഭക്ഷണം കൊടുക്കാനാവും. ജില്ലയിൽ 92 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്.
കാന്റീൻ നടത്താൻ വേണ്ട സ്ഥലം അനുവദിച്ചാൽ ആവശ്യമായ സാധനങ്ങൾ കുടുംബശ്രീ ഒരുക്കും.
മാതൃക കണ്ണാടിപ്പറന്പിലേത്
കോവിഡിന് മുമ്പ് കണ്ണാടിപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാതൃകയിലാണ് കാന്റീൻ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്.