കണ്ണൂർ: ഇഫ്താർ വിരുന്നിന് എല്ലാ മതസ്ഥരെയും മസ്ജിദിലേക്ക് സ്വാഗതം ചെയ്ത് കുഞ്ഞിമംഗലത്തെ ജുമാ മസ്ജിദ്. കണ്ണൂര്‍ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ ജുമാ മസ്ജിദിലേക്കാണ് എല്ലാ മതസ്ഥരെയും സ്വാഗതം ചെയ്തിരിക്കുന്നത്. ‘കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാ മസ്ജിദിലേക്ക് മുഴുവൻ സഹോദര മതസ്ഥർക്കും സ്വാഗതം,’ എന്നാണ് മസ്ജിദിന് മുന്നിൽ വെച്ചിരിക്കുന്ന ബോർഡ്.നേരത്തെ കുഞ്ഞിമംഗലത്തെ ഉത്സവത്തിന് ക്ഷേത്രവളപ്പിൽ ഇസ്ലാം മതത്തിൽപ്പെട്ടവർക്കും പ്രവേശനമില്ലെന്ന് ബോർഡ് വെച്ചത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ജുമാ മസ്ജിദിലേക്ക് സഹോദര മതസ്ഥരെ സ്വാഗതം ചെയ്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലിങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്.കഴിഞ്ഞ വര്‍ഷവും സമാനമായി ക്ഷേത്ര ഭാരവാഹികള്‍ ഇവിടെ ബോര്‍ഡ് വെച്ചിരുന്നു. ക്ഷേത്രത്തിലെ ആരാധനാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നാലൂര്‍ സമുദായിമാരുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.