/
14 മിനിറ്റ് വായിച്ചു

“വള്ളം തുഴയുന്ന കുട്ടിയാന’: നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചു

ആലപ്പുഴ > നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചു. വള്ളം തുഴഞ്ഞ്‌ നീങ്ങുന്ന കുട്ടിയാനയാണ്  ഇത്തവണത്തെ ഭാഗ്യചിഹ്നം.  ഇടുക്കി കുളമാവ് സ്വദേശി ദേവപ്രകാശാണ്‌ (ആർട്ടിസ്‌റ്റ്‌ ദേവപ്രകാശ്)ചിഹ്നം വരച്ചത്‌. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎയും സിനിമ– സീരിയൽ താരം ഗായത്രി അരുണും ചേർന്ന്‌ ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചു. എൻടിബിആർ സൊസൈറ്റി ചെയർപേഴ്സൺ കലക്‌ടർ ഹരിത വി കുമാർ ചിഹ്നം ഏറ്റുവാങ്ങി.

നെഹ്‌റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ 250 ഓളം എൻട്രികൾ ലഭിച്ചതിൽ നിന്നുമാണ് വള്ളം തുഴഞ്ഞ്‌ നീങ്ങുന്ന കുട്ടിയാനയെ തെരഞ്ഞെടുത്തത്. 5001 രൂപയാണ്‌ സമ്മാനത്തുക.  ചിത്രകാരൻമാരായ സതീഷ് വാഴവേലിൽ, സിറിൾ ഡോമിനിക്, ടി ബേബി എന്നിവർ ഉൾപ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്. ഭാഗ്യചിഹ്നത്തിന്‌ മികച്ച പേര്‌ ക്ഷണിക്കും.

ചടങ്ങിൽ എൻടിബിആർ സൊസൈറ്റി സെക്രട്ടറിയായ സബ്കലക്‌ടർ സൂരജ് ഷാജി, നഗരസഭാ കൗൺസിലർ സിമി ഷാഫിഖാൻ, സുവനീർ കമ്മിറ്റി കൺവീനർ എഡിഎം എസ് സന്തോഷ്‌കുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, ഇൻഫാസ്ട്രക്ചർ കമ്മിറ്റി കൺവീനർ എം സി സജീവ്കുമാർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എബി തോമസ്, കെ നാസർ, റോയ് പാലത്ര, എ കബീർ, രമേശൻ ചെമ്മാപറമ്പിൽ, പ്രസ്‌ക്ലബ് പ്രസിഡന്റ് എസ് സജിത്ത് എന്നിവർ പങ്കെടുത്തു.

തുഴതുഴഞ്ഞങ്ങനെ  

ആനകളോടുള്ള സ്‌നേഹമാണ്‌ കേരളത്തിന്റെ സംസ്ഥാന മൃഗംകൂടിയായ ആനയെ ഭാഗ്യചിഹ്നത്തിലെത്തിക്കാൻ കാരണമെന്ന്‌ ദേവപ്രകാശ്‌ പറഞ്ഞു. ആനയുടെ തലയിലെ പച്ചക്കെട്ട്‌ കേരളത്തിന്റെ പച്ചപ്പിനെയും മഞ്ഞ ബനിയൻ ചിങ്ങമാസത്തെ സമൃദ്ധിയെയും ചുവപ്പ്‌ മുണ്ട്‌ ഉത്സവത്തെയുമാണ്‌ സൂചിപ്പിക്കുന്നത്‌. ഓളപ്പരപ്പിന്റെ വകഞ്ഞുമാറ്റിയുള്ള ചുണ്ടൻവള്ളത്തിന്റെ കുതിപ്പ്‌ മലയാളികളുടെ പോരാട്ടവീര്യത്തെയും സൂചിപ്പിക്കുന്നു.

ദേശാഭിമാനി വാരിക ഉൾപ്പെടെ നിരവധി ആനുകാലികങ്ങൾക്കായി ചിത്രങ്ങൾ വരയ്‌ക്കുന്ന കലാകാരനാണ്‌ ദേവപ്രകാശ്‌. തിരുവനന്തപുരം ഫൈൻ ആർട്‌സ്‌ കോളേജിൽനിന്ന്‌ ചിത്രരചനയിൽ ബുരുദം പൂർത്തിയാക്കി. ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ മികച്ച ചിത്രകാരനുള്ളതടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ഇടുക്കി കുളമാവ്‌ കല്ലടപ്പറമ്പിൽ ജോസഫ്‌ ഫിലിപ്പിന്റെയും നാരായണിയുടെയും മകനാണ്‌ ദേവപ്രകാശ്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version