ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയന്‍റെ മാര്‍ച്ച്. തിരുവനന്തപുരത്ത് കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശൂർ ജില്ലകളിലും പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രതിഷേധ മാര്‍ച്ച് നടന്നു. ക്യാമ്പസിൽ അക്രമങ്ങളുടെ പേരിൽ ദുഷ്‌പേര് ഉണ്ടാക്കിയവർ ഇപ്പോൾ മാധ്യമങ്ങൾക്കെതിരെ അക്രമം കാണിക്കുകയാണെന്ന് എം എം ഹസൻ വിമര്‍ശിച്ചു. സാമൂഹ്യ വിരുദ്ധന്മാർക്ക് അഭയം നൽകുന്ന സംഘടനയായി എസ്എഫ്ഐ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എഫ്ഐ അക്രമം കരുതി കൂട്ടിയുള്ളതാണ്. വിനു വി ജോണിനെതിരെ കേസെടുത്തതുമായി ഇതും കൂട്ടി വായിക്കണം. അക്രമം നടത്തിയവർക്കെതിരെ എസ്എഫ്ഐ നേതൃത്വം നടപടി എടുക്കാന്‍ തയ്യാറാവണമെന്നും എം എം ഹസൻ പറഞ്ഞു. തിരുവനന്തപുരത്ത് കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല ഗുണ്ടായിസമാണെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറി കിരൺ ബാബു പറഞ്ഞു.