കെ വി തോമസ് വിഷയത്തിൽ അച്ചടക്ക സമിതി തീരുമാനം എടുക്കുംമുൻപ് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി കെ പി സി സി നേതൃത്വം. തിങ്കളാഴ്ച നടക്കുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയിലേക്ക് കെ വി തോമസിനെ ക്ഷണിച്ചില്ല.തിങ്കളാഴ്ച ഇന്ദിരാഭവനിലാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുക. എ ഐ സി സി അംഗമെന്ന നിലയിൽ കെ വി തോമസിനെയും യോഗത്തിലേക്ക് ക്ഷണിക്കണം. കെ വി തോമസ് ഉൾപ്പെടെ 22 പേരാണ് സമിതി അംഗങ്ങൾ.21 പേരെയും യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും കെ വി തോമസിനെ ഒഴിവാക്കുകയായിരുന്നു. എ ഐ സി സി നേതൃത്വം ഇതു വരെ കെ വി തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല.എ കെ ആൻ്റണി അധ്യക്ഷനായ സമിതി നൽകിയ നോട്ടീസിന് ചൊവ്വാഴ്ച മറുപടി നൽകുമെന്ന് കെ വി തോമസ് നേതൃത്വത്തെ അറിയിച്ചതുമാണ്.കെ വി തോമസിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന തൻ്റെ വാശി കെ സുധാകരൻ നടപ്പാക്കുന്നുവെന്നാണ് ചില നേതാക്കളുടെ പരാതി. ക്ഷണിക്കാത്ത സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെ വി തോമസും വ്യക്തമാക്കി.അച്ചടക്ക സമിതി നൽകിയ നോട്ടീസിന് മറുപടി തയ്യാറാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെമിനാറിൽ പങ്കെടുത്തത് മാത്രമല്ല സിൽവർ ലൈൻ അനുകൂല പ്രസംഗവും ചൂണ്ടിക്കാട്ടിയാണ് നടപടിക്ക് നീക്കം നടക്കുന്നത്.എ കെ ആൻ്റണി വി എം സുധീരൻ തുടങ്ങിയ നേതാക്കൾ മുൻപ് നടത്തിയ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും കെ വി തോമസ് വിശദീകരണം നൽകുക.തിരുവനന്തപുരത്ത് ബ്രഹ്മോസ് ഉദ്ഘാടന ചടങ്ങിൽ അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനെ ആൻ്റണി പുകഴ്ത്തി പ്രസംഗിച്ചിരുന്നു.കെ പി സി സി പ്രസിഡണ്ട് ആക്കിയില്ലെങ്കിൽ കെ സുധാകരൻ ബി ജെ പി യിലേക്ക് പോകുമെന്ന് വി എം സുധീരൻ പരസ്യമായി പറഞ്ഞു. ഇതിൻ്റെയെല്ലാം ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവും വിശടീകരണ കുറിപ്പിനൊപ്പം കെ വി തോമസ് അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാക്കും.