//
10 മിനിറ്റ് വായിച്ചു

കാലിത്തീറ്റ കുംഭകോണം; അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ

ദില്ലി: കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റകാരൻ. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. ഡൊറാൻഡ ട്രഷറിയിൽ നിന്നു 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലാണ് ലാലു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വിധി വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും.ഇരുപത്തിയാറ് വർഷത്തിന് ശേഷമാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അവസാനക്കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന വിധി വരുന്നത്. കാലിത്തീറ്റ കുംഭകോണത്തിൽ 53 കേസുകളാണ് സിബിഐ 1996ൽ രജിസ്റ്റർ ചെയ്തത്. ഇതിൽ ലാലു പ്രസാദ് യാദവ് അഞ്ച് കേസുകളിലാണ് പ്രതി ചേർക്കപ്പെട്ടിരുന്നത്. നാല് കേസുകളിൽ അദ്ദേഹം കുറ്റക്കാരാണെന്ന് നേരത്തെ സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണവും ആയി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ തുക പിൻവലിച്ചിരുന്നത് ഡൊറാൻഡ ട്രഷറിയിൽ നിന്നായിരുന്നു. 139.35 കോടി രൂപ. ഈ കേസിൽ75 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 24 പേരെ വെറുതെവിട്ടു.ലാലു പ്രസാദ് യാദവ് ഉൾപ്പടെയുള്ള 51 പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി വിധിച്ചു. ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ ഹാജരാക്കി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 940 കോടിയിലേറെ രൂപ പിന്‍വലിച്ചതായി സിബിഐ  കണ്ടെത്തിയിരുന്നു. ആദ്യ നാലു കേസുകളിൽ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബർ മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്. ആദ്യ നാല് കേസുകളിലെ ശിക്ഷയ്ക്ക് എതിരെ ലാലു പ്രസാദ് യാദവ് നൽകിയ അപ്പീൽ നിലവിൽ ജാർഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version