/
11 മിനിറ്റ് വായിച്ചു

ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുന്നതില്‍ തര്‍ക്കം; കോട്ടയത്ത് ബാറിന് മുന്നില്‍ കൂട്ടയടി

മദ്യപിച്ചതിന്‍റെ പണം ഗൂഗിള്‍ പേ വഴി അടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു. അടിയെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെ കോട്ടയം മണര്‍കാട്ടെ രാജ് ഹോട്ടലിലായിരുന്നു സംഭവം.

മദ്യപിച്ച ശേഷം, ഗൂഗിള്‍ പേ വഴിയെ പണം അടയ്ക്കൂ എന്ന് വാശിപിടിച്ചതാണ് കൂട്ടയടിയില്‍ കലാശിച്ചത്. ഗൂഗിള്‍ പേ വഴി പണമടയ്ക്കാന്‍ കഴിയില്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം ആരംഭിച്ചത്.

പണമായി നല്‍കണമെന്നും ഗൂഗിള്‍ പേ ഇല്ലെന്നും ബാര്‍ ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, പണം ഗൂഗിള്‍പേ വഴിമാത്രമേ അടയ്ക്കാന്‍ കഴിയൂവെന്ന് മദ്യപ സംഘം തര്‍ക്കിച്ചു. ഇതാണ് വാക്കേറ്റത്തിലേക്കും കൂട്ടയടിയിലേക്കും എത്തിയത്. ആദ്യം ഇരുവിഭാഗങ്ങളും തമ്മില്‍ ഉന്തും തള്ളുമായി.

ഇതോടെ മദ്യപ സംഘം പുറത്ത് നിന്ന് കൂടുതല്‍ ആളുകളെ വളിച്ച് വരുത്തുകയായിരുന്നു. ഇതോടെ ബാറിനുള്ളില്‍ കൂട്ടയടിയായി. തുടര്‍ന്ന് ബാറില്‍ നിന്നും അടി ദേശീയപാതയിലേക്ക് വ്യാപിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. വാഹനങ്ങള്‍ നിര്‍ത്തിയിട്ടു.

കൂട്ടയടിയായതോടെ ആളുകള്‍ ചിതറിയോടി. ഇതിനിടെ അടിയേറ്റ രണ്ട് പേര്‍ വഴിയില്‍ വീണു. സംഭവം അറിഞ്ഞ് മണര്‍കാട് എസ്.ഐ. ഷമീര്‍ ഖാന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തിയാണ് വഴിയില്‍ വീണ് കിടന്നയാളെ ആശുപത്രിയിലെത്തിച്ചത്.

വീണു കിടന്ന മറ്റേയാളെ ഇതിനിടെ കൂടെയുണ്ടായിരുന്നവര്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോയിരുന്നു. എന്നാല്‍, പൊലീസ് തിരിച്ച് പോയതിന് പിന്നാലെ രാത്രി പതിനൊന്നരയോടെ വീണ്ടും സംഘര്‍ഷമുണ്ടായി. രാത്രിയില്‍ വീണ്ടും ബാറിന് മുന്നിലെത്തിയ മദ്യപ സംഘത്തില്‍പ്പെട്ടവരെ ജീവനക്കാര്‍ വളഞ്ഞിട്ട് തല്ലി.

ഇതിനിടെ മദ്യപസംഘത്തിന് നേരെ ബാറില്‍ നിന്നും ബിയര്‍ കുപ്പിയെറിഞ്ഞു. ദേശീയ പാതയില്‍ മുഴുവനും ബിയര്‍ കുപ്പി പൊട്ടിച്ചിതറി. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘമെത്തിയതോടെ മദ്യപ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version