പുഴ കടലിലേക്ക് ചേർന്ന് ഒഴുകുന്നത് പോലെ സ്നേഹത്തിന്റെ ആഴമുള്ള കടലാകാൻ കണ്ണൂർ ദസറക്ക് സാധിക്കട്ടെയെന്ന് ഡോ എം കെ മുനീർ എം എൽ എ പറഞ്ഞു. കൂടിയിരിക്കുന്നത് തന്നെ ദുഷ്കരമായിരിക്കുന്ന കാലത്ത് കണ്ണൂർ ദസറയിലൂടെ മഹത്തായ സന്ദേശമാണ് കോർപ്പറേഷൻ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയുടെ രണ്ടാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർന്ന് സി എച്ച് എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒപ്പന, ഡി ആർമി ബീറ്റ്സ് അവതരിപ്പിച്ച വെസ്റ്റർ ഹിപ്പ് ഹോപ്പ് ഡാൻസ്, കലോത്സവ താരങ്ങളുടെ കലാവിരുന്ന് സ്വരമഴ, പ്രിയ ഏക്കോട്ടും സംഘവും അവതരിപ്പിച്ച നൃത്താവിഷ്കാരം, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ സുമിത നായരുടെ നൃത്ത സന്ധ്യ എന്നിവ അരങ്ങേറി.