തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂത്ത്‌കോണ്‍ഗ്രസ് നേതാവ് സുധീര്‍ ഷാ പാലോട് നല്‍കിയ പരാതിയിലാണ് നടപടി. മേയര്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നായിരുന്നു പരാതി. ഈ മാസം 20നകം മേയര്‍ പരാതിക്ക് രേഖാമൂലം മറുപടി നല്‍കണമെന്ന് നോട്ടീസിലുണ്ട്. ഡിസംബര്‍ രണ്ടിന് ഓണ്‍ലൈന്‍ സിറ്റിംഗിലും ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്ഒരു ജനപ്രതിനിധിക്ക് യോജിക്കാത്ത രീതിയില്‍ സ്വജനപക്ഷപാതപരമായ നിലപാടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ സ്വീകരിച്ചതെന്നായിരുന്നു പരാതി. അതേസമയം കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 19ന് തിരുവനന്തപുരം നഗരസഭ പ്രത്യേക കൗണ്‍സില്‍ ചേരും. പ്രത്യേക കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് 35 ബിജെപി കൗണ്‍സിലര്‍മാര്‍ നോട്ടീസ് നല്‍കിയിരുന്നു. കത്ത് വിവാദവുമായി ബന്ധപ്പെട്ട് ഇന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്. കനത്ത സുരക്ഷയിലാണ് മേയര്‍ ഓഫിസിലെത്തുന്നത്.