10 മിനിറ്റ് വായിച്ചു

‘കുഞ്ഞുങ്ങളെ ഞാന്‍ വരും’; മുള്ളറംകോട് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് ‘മന്ത്രി അപ്പൂപ്പന്റെ’ ഉറപ്പ്

കഴിഞ്ഞ ദിവസമാണ് മന്ത്രി വി ശിവന്‍കുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. ‘പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?’ എന്നു തുടങ്ങുന്ന കത്ത് അയച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവര്‍മെന്റ് എല്‍പിഎസിലെ 85 രണ്ടാം ക്ലാസുകാര്‍ ചേര്‍ന്നാണ്. എല്ലാവര്‍ക്കും വേണ്ടി മീനാക്ഷി എന്ന വിദ്യാര്‍ഥിനിയായിരുന്നു കത്തെഴുതിയത്.

‘അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങള്‍ പഠിച്ചു. അതില്‍ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്‌കൂളില്‍ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്തംബര്‍ രണ്ടാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചര്‍ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാന്‍ മന്ത്രി അപ്പൂപ്പന്‍ വരുമോ? ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു മന്ത്രി അപ്പൂപ്പന്‍ ഓണസദ്യ കഴിക്കാന്‍ വരുമെന്ന് വിശ്വസിക്കുന്നു.എന്ന് രണ്ടാം ക്ലാസിലെ 85 കൂട്ടുകാര്‍’. എന്നതാണ് കത്തിന്റെ ഉള്ളടക്കം.

വിദ്യാര്‍ഥികളുടെ ക്ഷണം സ്വീകരിച്ച് സ്‌കൂളില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഈ ഓണക്കാലത്തെ ഏറ്റവും മധുരമായ സമ്മാനമാണ് ഈ ക്ഷണത്തിലൂടെ തനിക്ക് ലഭിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

മന്ത്രി പറഞ്ഞത്:

എനിക്ക് ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവര്‍മെന്റ് എല്‍പിഎസിലെ രണ്ടാം ക്ലാസ്സുകാര്‍ എന്നെ അവരുടെ സ്‌കൂളിലെ ഓണാഘോഷത്തിന് ക്ഷണിച്ചിരിക്കുകയാണ്. അവരയച്ച കത്തെനിക്ക് കിട്ടി. നാളെയാണ് സ്‌കൂളിലെ ഓണാഘോഷം. ‘കുഞ്ഞുങ്ങളെ ഞാന്‍ നാളെ വരും. നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാന്‍…എന്ന് സ്വന്തം, മന്ത്രി അപ്പൂപ്പന്‍.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!