/
8 മിനിറ്റ് വായിച്ചു

റോഡരികില്‍ ഉപേക്ഷിച്ച വൈദ്യുതി കമ്പി ബൈക്കിൽ കുരുങ്ങി; ബൈക്ക് യാത്രികന് പരിക്ക്

പയ്യന്നൂര്‍: വൈദ്യുതി വകുപ്പ് ജീവനക്കാര്‍ റോഡരികില്‍ ഉപേക്ഷിച്ച വൈദ്യുതി കമ്പിയില്‍ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കെഎസ്ഇബി അധികൃതരുടെ അനാസ്ഥയിലാണ് ബൈക്ക് യാത്രികനായ ഏഴിമല ചെരിച്ചിലിലെ തെങ്ങുകയറ്റ തൊഴിലാളി പള്ളിക്കോല്‍ പ്രശാന്തിന് (43) അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. സാരമായി പരിക്കേറ്റ പ്രശാന്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ഇന്നലെ രാത്രി 7.45 ഓടെ ഏഴിമല ചെരിച്ചില്‍ ടോപ്പ് കരിങ്കല്‍ ക്വാറിക്ക് സമീപത്താണ് അപകടം. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകവെയായിരുന്നു സംഭവം. കഴിഞ്ഞ മാസം റോഡില്‍ പൊട്ടിവീണ വൈദ്യുതി കമ്പി ജീവനക്കാര്‍ ഇരുഭാഗത്തുമായി റോളാക്കി ചുരുട്ടി വെക്കുകയായിരുന്നു. കമ്പിച്ചുരുളിന്റെ റോഡിലേക്ക് തള്ളിനിന്നിരുന്ന ഭാഗം പ്രശാന്ത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കുരുങ്ങിയാണ് അപകടം സംഭവിച്ചത്.നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ച് റോഡരികിലെ കല്ലില്‍ തലയിടിച്ച് വീഴുകയായിരുന്നു. തൊട്ടുപിന്നാലെ വരികയായിരുന്ന വാഹന യാത്രക്കാരാണ് പരിക്കേറ്റ പ്രശാന്തിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് പ്രശാന്തിനെ കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version