തൃശൂർ: തൃശൂരില്‍ വ്യാജ സിദ്ധനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം. ആലുവയിലെ ഒരു കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കരിയന്നൂര്‍ സ്വദേശി കബീറിൻറെ പരാതി. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കരിയന്നൂര്‍ സ്വദേശിയായ കബീര്‍ ആഴ്ചകള്‍ക്ക് മുമ്പ് വ്യാജ സിദ്ധൻമാരെ കുറിച്ച് തന്റെ ഓണ്‍ലൈൻ ചാനലിൽ വാര്‍ത്ത നല്‍കിയിരുന്നു. തുടർന്ന് ഈ സംഘം കബീറിനെ തേടി വീട്ടിലെത്തി. നേരിട്ട് സംസാരിക്കണമെന്നും കുറച്ചു രേഖകള്‍ നല്‍കാനുണ്ടെന്നുമായിരുന്നു ആവശ്യം. ഇവര്‍ പറഞ്ഞതനുസരിച്ചാണ് കബീർ ആലുവയിലെത്തിയത്. തുടക്കത്തില്‍ നല്ല രീതിയിലാണ് പെരുമാറിയത്. പിന്നീട് ആറംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കബീർ പറയുന്നു.കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പിടിച്ചുവെച്ചു.കബീറിനെതിരെ പരാതി കൊടുക്കാനായിരുന്നു പിന്നീട് അവരുടെ നീക്കം.അവര്‍ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. കബീറിന്റെ വലതു കൈയുടെ എല്ലിന് പൊട്ടലുണ്ട്.ശരീരത്തിലാകമാനം അടിയേറ്റതിന്റെ പാടുകളുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായും പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.