കൊട്ടിയൂർ | ചപ്പമലയിൽ ജനവാസ മേഖലയിൽ മൂന്ന് കടുവകളെ കണ്ടതായി നാട്ടുകാരി. തിങ്കളാഴ്ച രാവിലെ കാഞ്ചന രണ്ട് വലിയ കടുവകളെയും ഒരു ചെറിയ കടുവയെയും കണ്ടതായി അറിയിച്ചത്. ചപ്പമല-37-ാം മൈൽ റോഡ് കടന്ന് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ എത്തിയ കടുവകളിൽ ഒന്ന് ഇവർക്ക് നേരെ തിരിഞ്ഞു.
കൃഷിയിടത്തിന് സമീപത്തെ കോൺക്രീറ്റ് റോഡിൽ നിന്ന് ഇവർ ഭയന്ന് ഓടി രക്ഷപ്പെടുക ആയിരുന്നു. വിവരം അറിഞ്ഞ് എത്തിയ എസ് എഫ് ഒ സജീവ് കുമാറിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചിൽ നടത്തി. എന്നാൽ, കണ്ടത് കടുവകളെ തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്ത് നിന്ന് വന്യജീവികളുടെ കാൽപ്പാടുകളും കാഷ്ടവും കണ്ടെത്തിയിട്ടുണ്ട്. ജനവാസ മേഖലയിൽ വന്യജീവികളുടെ സാന്നിധ്യം പ്രദേശ വാസികളെ ആശങ്കയിലാക്കി. പ്രദേശത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. രാത്രി പട്രോളിങും നടത്തി. ചൊവ്വാഴ്ച രാവിലെ ഡ്രോൺ നിരീക്ഷണം നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.