ലോട്ടറിയടിച്ച് കിട്ടുന്ന തുക ധൂര്‍ത്തടിക്കാതിരിക്കാന്‍ ബോധവല്‍ക്കരണവുമായി സര്‍ക്കാര്‍. സമ്മാനമായി കിട്ടുന്ന തുക എങ്ങനെ വിനിയോഗിക്കാമെന്നത് ലോട്ടറി വകുപ്പ് പഠിപ്പിക്കും. ഇതിനായി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണം. ഇത്തവണത്തെ ഓണം ബംപര്‍ വിജയികള്‍ക്കായിരിക്കും ആദ്യ ക്ലാസ്. നിക്ഷേപ പദ്ധതികള്‍, നികുതി ഘടന എന്നിവക്കുറിച്ചാണ് പ്രധാനമായും ക്ലാസെടുക്കുക. ഒരു മാസത്തിനകം പാഠ്യപദ്ധതി തയ്യാറാക്കും.
ഗുലാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനിലായിരിക്കും ക്ലാസ്.ഒരു ദിവസത്തെ ക്ലാസിനൊപ്പം ബുക്ക്ലെറ്റുകളും വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം. ലോട്ടറിയടിക്കുന്നവരില്‍ വലിയ പങ്കും സാധാരണക്കാരായതിനാല്‍ വന്‍ തുക ലഭിക്കുമ്പോള്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന അറിയാത്തവര്‍ നിരവധിയുണ്ടന്ന് ലോട്ടറി ഡയറക്ടര്‍ എബ്രഹാം റെന്‍ പറഞ്ഞു. ഇവര്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നടത്തുകയെന്നതാണ് പഠന ക്ലാസിലൂടെ ലക്ഷ്യം വെക്കുന്നത്.