സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദനെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കും. മന്ത്രിസഭ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പാണ് എം വി ഗോവിന്ദന് മാസ്റ്റര്‍ കൈകാര്യം ചെയ്യുന്നത്. അഴിച്ചുപണി അതിനകത്ത് തന്നെയുള്ള പുനഃസംഘടനയായിരിക്കുമോ പുറത്ത് നിന്നുള്ളവരെ പരിഗണിക്കുമോയെന്ന കാര്യത്തിലടക്കം വ്യക്തത വന്നിട്ടില്ല.
കണ്ണൂരില്‍ നിന്നുള്ള ഒരാള്‍ തന്നെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനാണ് സാധ്യത. തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറോ, മട്ടന്നൂര്‍ എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയോ ചുമതലയില്‍ എത്തിയേക്കാം എന്നാണ് സൂചന. ഇതിന് പുറമേ മന്ത്രിസഭയില്‍ കൂടുതല്‍ മാറ്റം വന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കി നിലവിലെ സ്പീക്കര്‍ എംബി രാജേഷിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് ആലോചനകളെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കും. സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വന്നതിനെ തുടര്‍ന്ന് ഏറെ നാളുകളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ നേതാവിനെ സിപിഐഎം അന്വേഷിക്കുകയായിരുന്നു.
ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പകരം മന്ത്രിയെ നിയോഗിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ നിന്ന് നിലവില്‍ മന്ത്രിമാരില്ല. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഉള്‍പ്പെടെ നടക്കുന്നതിനാല്‍ തീരദേശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ മന്ത്രിയാക്കാനും സാധ്യതയേറെയാണ്. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, എ വിജയരാഘവന് തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.