ഇരിട്ടി: മാക്കൂട്ടം ചുരംപാതവഴിയുള്ള യാത്രാനിയന്ത്രണം ജനുവരി അഞ്ചുവരെ നീട്ടി കുടക് ജില്ലാ ഭരണകൂടം ഉത്തരവായി. എല്ലാ നിയന്ത്രണങ്ങളും അഞ്ചുവരെ അതേപടി തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചുരംപാത വഴിയുള്ള പൊതുഗതാഗതം നിലച്ചിട്ട് ആറുമാസമാവുകയാണ്.ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് ഇളവ് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്ന നടപടിയാണിത്. ചുരംപാത വഴി കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമായി തുടരുന്നതാണ് അത്യാവശ്യയാത്രക്കാരെ കുഴക്കുന്നത്. ചരക്കുവാഹനങ്ങളിലെ തൊഴിലാളികൾക്ക് 14 ദിവസത്തിനുള്ളിൽ കോവിഡില്ലാ സർട്ടിഫിക്കറ്റും നിർബന്ധമാണ്. മാക്കൂട്ടം ചെക്പോസ്റ്റിൽ ബാരിക്കേഡ് സ്ഥാപിച്ചുള്ള പരിശോധന തന്നെയാണ് തുടരുന്നത്.കോവിഡിന്റെ രണ്ടാംവ്യാപനത്തെ തുടർന്ന് ജൂലായ് മൂന്നിനാണ് മാക്കൂട്ടം അതിർത്തിയിൽ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
രാജ്യം മുഴുവൻ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് നിയന്ത്രണമില്ലാതെ സഞ്ചരിക്കാമെന്ന ഉത്തരവ് നിലനിൽക്കെയാണ് ചുരംപാതയിലെ നിയന്ത്രണം അതേപടി തുടരാനുള്ള തീരുമാനം.ഇരു സംസ്ഥാനങ്ങളിലേയും ആർ.ടി.സി. ബസുകൾക്കുള്ള നിയന്ത്രണം ഭാഗികമായി നീക്കിയെങ്കിലും അതുകൊണ്ട് മടിക്കേരിയിലും വിരാജ്‌പേട്ട, കുശാൽ നഗർ, സേമവാർപെട്ട തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്ക് പ്രയോജനമില്ല. കേരളത്തിൽനിന്ന് വരുന്ന ആർ.ടി.സി. ബസുകൾ മടിക്കേരി ജില്ലയിൽ എവിടേയും നിർത്താൻപാടില്ലെന്ന നിബന്ധനയുണ്ട്. സ്വകാര്യ ബസ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല. കുടക് ജില്ലയിൽ ആളുകളെ ഇറക്കുകയോ കയറ്റുകയോ ചെയ്യരുതെന്ന നിബന്ധന ഉള്ളതിനാൽ കേരള ആർ.ടി.സിയുടെ രണ്ട് ബസും കർണാടക ആർ.ടി.സിയുടെ ഒരു ബസും മാത്രമേ ഇപ്പോൾ ചുരംപാത വഴി ഓടുന്നുള്ളൂ.സ്വകാര്യ ബസുകളും ടൂറിസ്റ്റ് ബസുകളുമടക്കം നാല്പതോളം സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ബസ് സർവീസ് ഇല്ലാത്തതുമൂലം സ്ഥിരം യാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. കർണാടകത്തിൽ പഠിക്കുന്ന വിദ്യാർഥികളും വ്യാപാരികളും തോട്ടംതൊഴിലാളികളുമാണ് ഏറെ പ്രയാസപ്പെടുന്നത്.