//
13 മിനിറ്റ് വായിച്ചു

മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറായി;മാടായി ക്രസന്റ് ബിഎഡ് കോളജിൽ വിദ്യാർഥികൾ നടത്തി വന്ന സമരം അവസാനിപ്പിച്ചു

പഴയങ്ങാടി ∙ കോളജ് അധികൃതർ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചതിനെ തുടർന്ന് മാടായി ക്രസന്റ് ബിഎഡ് കോളജിൽ വിദ്യാർഥികൾ നടത്തി വരുന്ന കുത്തിയിരിപ്പു സമരം അവസാനിച്ചത് രാത്രി വൈകി. സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ മാത്രമെ കോളജിൽ നിന്ന് പോകു എന്ന നിലപാടിലായിരുന്നു വിദ്യാർഥിനികൾ. സമരം രാത്രിയിൽ തുടർന്നത് കൊണ്ട് പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രൻ, പഴയങ്ങാടി സിഐ എം.ഇ.രാജഗോപാൽ, പയ്യന്നൂർ താഹസിൽദാർ എം.കെ.മനോജ് കുമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.

മാനേജ്മെന്റിനെ വിളിച്ചു വരുത്തി നടത്തിയ ചർച്ചയിൽ ഇന്ന് രാവിലെ 10ന് കോളജിൽ വച്ച് സർട്ടിഫിക്കറ്റ് നൽകാൻ ധാരണയിൽ എത്തിയതോടെയാണു വിദ്യാർഥിനികൾ രാത്രി 9.45 ഓടെ തിരികെ പോയത്. രാവിലെ 10നു തുടങ്ങിയ പ്രതിഷേധമാണ് രാത്രിയിലേക്കു നീണ്ടത്. കോളജിലെ എൺപതോളം പെൺകുട്ടികളാണു സമര രംഗത്തുള്ളത്. അവസാന വർഷ ബിഎഡ് വിദ്യാർഥികളും കോളജ് മാനേജ്മെന്റും തമ്മിൽ ഫീസിനെച്ചൊല്ലിയുള്ള തർക്കമാണു സമരത്തിനു കാരണം. വിദ്യാർഥികളുടെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, ഡിഗ്രി സർട്ടിഫിക്കറ്റുകൾ കോളജ് അധികൃതർ നൽകുന്നില്ലെന്നാണ് വിദ്യാർഥികളുടെ പരാതി.

കോളജിൽ ചേരുന്ന സമയത്തു രണ്ടു വർഷത്തെ ഫീസായി 70000 രൂപയാണ് കോളജ് അധികൃതർ പറഞ്ഞതെങ്കിലും 74000 രൂപ അടച്ചിട്ടും വീണ്ടും ആറായിരം രൂപ കൂടി ആവശ്യപ്പെട്ടാണ് കോളജ് അധികൃതർ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചതെന്നു വിദ്യാർഥികൾ പറയുന്നു. ആദ്യ തവണയായി 45000 രൂപയും കോവിഡ് കാരണം ഓൺലൈൻ ക്ലാസുകൾ നടന്നതിനാൽ സർവകലാശാലയുടെ നിർദേശ പ്രകാരം രണ്ടാം തവണയായി 29000 രൂപയും അടച്ചതായി വിദ്യാർഥികൾ പറഞ്ഞു.വിദ്യാർഥികൾ സർവകലാശാല വിസിക്കും റജിസ്ട്രാർക്കും പരാതി നൽകിയിട്ടുണ്ട്.

എന്നാൽ വിദ്യാർഥികളിൽ നിന്ന് അധിക ഫീസ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കോളജ് അധികൃതർ പറയുന്നത്. ആദ്യ ഗഡുവായ 45000 രൂപയും രണ്ടാം ഗഡുവായ 35000 രൂപയുമാണ് ആവശ്യപ്പെട്ടത്. 29000 രൂപ അടച്ചവരുടെ ബാക്കി വരുന്ന 6000 രൂപ മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് കോളജ് അധികൃതരുടെ വാദം. സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുന്നതു വരെ സമരം തുടരാനാണു വിദ്യാർഥികളുടെ തീരുമാനം. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പല വിദ്യാർഥികൾക്കും ഇന്റർവ്യൂകളിൽ പങ്കെടുക്കുവാൻ കഴിയാതെ വിഷമിക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version