/
9 മിനിറ്റ് വായിച്ചു

മധുവിനേറ്റത് ആൾക്കൂട്ടത്തിന്‍റെ ക്രൂര മർദനം; വടികൊണ്ടുള്ള അടിയിൽ വാരിയെല്ല് പൊട്ടി.. കുറ്റപത്രം പുറത്ത്

അട്ടപ്പാടിയിലെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം പുറത്ത്. മധുവിനേറ്റത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദനമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വടികൊണ്ടുള്ള അടിയിൽ മധുവിന്‍റെ ഇടതുഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. വടികൊണ്ടുള്ള ഷംഷുദ്ദീന്‍റെ അടിയിലാണ് മധുവിന്‍റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടിയത്. ഷംഷുദ്ദീന്‍ സി.ഐ.ടി.യു നേതാവും ഡ്രൈവറുമാണ്. ഒന്നാം പ്രതി ഹുസൈന്‍ മധുവിന്‍റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടിയതായും കുറ്റപത്രം പറയുന്നു. ചവിട്ടേറ്റ് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരത്തിലിടിച്ചു പരിക്കേറ്റു. പൊലീസ് ജീപ്പിൽ വെച്ചും മധുവിന് മർദനമേറ്റുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അട്ടപ്പാടിയിലെ മധുവിന്‍റെ കൊലപാതകം. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് പട്ടാപ്പകൽ മധുവിനെ ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തത്. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി മധു മരണപ്പെടുകയായിരുന്നു.മധുവിനെ കൈകൾ ബന്ധിച്ച് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്ത അക്രമികള്‍ വീഡിയോ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version