//
13 മിനിറ്റ് വായിച്ചു

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയില്‍

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ ട്വിറ്ററില്‍ അപ്ലോഡ് ചെയ്തയാള്‍ പൊലീസ് പിടിയില്‍. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. ഇയാളെ ഉച്ചയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയായിരുന്നു അബ്ദുള്‍ ലത്തീഫ്. ഇതിന് വേണ്ടി വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കുകയും ചെയ്തു. ഫേസ്ബുക്ക് വഴി ഈ ദൃശ്യം അപ്ലോഡ് ചെയ്തതും അബ്ദുള്‍ ലത്തീഫ് തന്നെയാണെന്ന സംശയമുണ്ട്. ഫേസ്ബുക്കില്‍ നിന്നുള്ള വിവരം ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. നേരത്തെ വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരാണ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാത്രിയാണ് കൊച്ചി സിറ്റി പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഉടന്‍ തന്നെ കോയമ്പത്തൂരിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.വീഡിയോ പ്രചരിപ്പിച്ചതില്‍ കണ്ണൂര്‍, കളമശ്ശേരി, കോവളം സ്വദേശികളായ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചു വരുകയാണ്. നേരത്തെ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയേയും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനേയും അറസ്റ്റ് ചെയ്തിരുന്നു. വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തവരെ പിടികൂടുന്നതിനായി കഴിഞ്ഞ ദിവസം ഫേസ്ബുക്കിനോട് പൊലീസ് വിവരം തേടിയിരുന്നു. ഫേസ്ബുക്കിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ 15 ദിവസത്തോളം എടുക്കും.എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം സ്വരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര പൊലീസ് ആണ് വ്യാജ വീഡിയോ കേസില്‍ അന്വേഷണം നടത്തുന്നത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വീഡിയോയുടെ ഉറവിടം അന്വേഷിക്കാന്‍ പൊലീസ് തയ്യാറാവാണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വ്യാജ ദൃശ്യങ്ങള്‍ കൂടുതല്‍ പേരിലേക്ക് പ്രചരിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!