ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും തമ്പടിച്ച കാട്ടാനകളെ ഉടൻ തുരത്തുക, എല്ലാ വന്യജീവികളും നടത്തുന്ന കൃഷിനാശം തടയാൻ നടപടി സ്വീകരിക്കുക, കൃഷിനാശത്തിനായുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് അടിയന്തിരമായി വിതരണം നടത്തുക, ആനപ്രതിരോധ പദ്ധതി അടിയന്തിരമായി പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങളുമായി സി.പി.എം കാറഡുക്ക ഏരിയ കമ്മിറ്റി ജില്ല വനം ഓഫീസിലേക്ക് മാർച്ചും രാപ്പകൽ സത്യഗ്രഹ സമരവും സംഘടിപ്പിച്ചു. വിദ്യാനഗർ മധൂർ റോഡ് കേന്ദ്രീകരിച്ച് നടന്ന മാർച്ചിൽ സ്ത്രീകളും കർഷകരും ഉൾപെടെ നിരവധി ആളുകൾ പങ്കെടുത്തു. തുടർന്ന് ജില്ല വനം ഓഫീസിന് മുന്നിൽ രാപ്പകൽ സത്യാഗ്രഹ സമരം സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിററിയംഗം കെ. ശങ്കരൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിററിയംഗം സിജി മാത്യു, ദേലമ്പാടി, മുളിയാർ പഞ്ചായത്ത് പ്രസിഡൻറുമാരായ എ.പി. ഉഷ, പി.വി. മിനി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം. മാധവൻ സ്വാഗതം പറഞ്ഞു.
മാർച്ചിന് എം. മാധവൻ, സിജി മാത്യു, കെ. ശങ്കരൻ, പി. ബാലകൃഷ്ണൻ, സി.കെ. കുമാരൻ എന്നിവർ നേതൃത്വം നൽകി. 100 വളന്‍റിയർമാർ മുഴുവൻ സമയവും സമരവേദിയിലുണ്ടാകും.