കണ്ണൂര്‍: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന അത്യുജ്ജ്വല സ്വീകരണങ്ങളും യ്വീകരണവഴികളിലെ ജനപങ്കാളിത്തവും സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരേയും ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡുകള്‍ക്കെതിരേയും സിപിഎം നടത്തുന്ന അക്രമം തികഞ്ഞ അസഹിഷ്ണുതയാണെന്നും അദ്ദേഹം പറഞ്ഞു .
“ചെമ്പിലോട് മുതുകുറ്റി ആശാരിമെട്ടയില്‍ പുതുതായി നിര്‍മ്മിക്കുന്ന പ്രിയദര്‍ശിനി മന്ദിരത്തിനു നേരെ ഉഗ്രശേഷിയുള്ള ബോംബെറിഞ്ഞു കെട്ടിടത്തിന് നാശനഷ്ടം വരുത്തി. ഇതേ പ്രദേശത്ത് രാജിവ് മന്ദിരത്തിനു നേരെ നടന്ന അക്രമത്തിലെ പ്രതികളെ പോലീസിനു പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പോലീസ് കാവല്‍ നില്‍കുമ്പോഴാണ് മുതുകുറ്റിയിലെ രാജീവ് മന്ദിരത്തിനു നേരെ സിപിഎം ക്രിമിനലുകള്‍ ആക്രമണം നടത്തിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്ത പോലീസിന്റെ കുറ്റകരമായ അനാസ്ഥയാണ് അക്രമികള്‍ക്കു പ്രോല്‍സാഹനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കഴിഞ്ഞ ദിവസം തളിപ്പറമ്പ് തൃച്ചംബരത്ത് ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡുകള്‍ സിപിഎമ്മുകാര്‍ നിശിപ്പിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന സെക്രട്ടറിയുടേയും നാട്ടില്‍ സിപിഎം അണികള്‍ തുടരുന്ന അക്രമ തേര്‍വാഴ്ച ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാനുള്ള നിലപാടല്ലാതെ മറ്റെന്താണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ചോദിച്ചു.
ബോംബേറുണ്ടായ ചെമ്പിലോട് മുതുകുറ്റി ആശാരിമെട്ടയിലെ കോണ്‍ഗ്രസ് ഓഫീസ് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് സന്ദര്‍ശിച്ചു.ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ്,കെ പി സി സി മെമ്പർമാരായ കെ സി മുഹമ്മദ് ഫൈസൽ, എൻ പി ശ്രീധരൻ,ഡിസിസി ജനറൽ സെക്രട്ടറി എം കെ മോഹനൻ,കെ കെ ജയരാജൻ മാസ്റ്റർ,എം സുധാകരൻ,കെ ഒ സുരേന്ദ്രൻ,വി കെ രവീന്ദ്രൻ,വി കെ ഷാജിത്ത്, പ്രജിത്ത്, കെ പവിത്രൻ,ഷൈമ,അനിൽ ബാബു തുടങ്ങിയവർ ഓഫീസ് സന്ദർശിച്ചു.